ഖത്തറിനെ തിരുത്തിച്ച സ്നേഹ ബന്ധം,ഇതും ബിജെപി തിരഞ്ഞെടുപ്പു വിഷയമാക്കും

Advertisement

ന്യൂഡല്‍ഹി. നരേന്ദ്രമോദി ഇസ്ലാം വിരുദ്ധനെന്ന് രാഷ്ട്രീയപ്രചരണവും വംശീയപ്രചരണവും നടക്കുന്ന കാലത്ത് ഖത്തര്‍ പോലെ കര്‍ശന ഇസ്‌ളാമിക നിയമങ്ങള്‍ പിന്തുടരുന്ന രാജ്യത്തില്‍ നിന്നും ഉണ്ടായ ഉദാരനിലപാട് നരേന്ദ്രമോദിയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമായി. ഇതും ബി.ജെ.പി ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കുമെന്നുമുറപ്പ്.

വിമുക്ത ഭടന്‍മാര്‍ക്ക് വധശിക്ഷ വിധിച്ച അന്നുമുതല്‍ വിദേശകാര്യമന്ത്രാലയം നിയമസഹായം ഉറപ്പാക്കിയിരുന്നു. ഇസ്‌ളാമിക നിയമത്തിന്റെ നൂലാമാലകള്‍ തരണം ചെയ്യാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം സഹായിച്ചു. ഖത്തറിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം കരുതിയിരുന്നു. വിചാരണ-നിയമ നടപടികളുടെ രഹസ്യസ്വഭാവം സൂക്ഷിച്ചു. മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് സെന്‍സറിംഗിന് വിധേയമായ വിവരങ്ങള്‍ മാത്രം.

2014ല്‍ നരേന്ദ്രമോദി ആദ്യമായി അധികാരമേറ്റതിനു പിന്നാലെ 2015 മാര്‍ച്ചില്‍

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യയിലെത്തിയിരുന്നു. തടവുകാരെ പരസ്പരം കൈമാറാനുള്ള ഉടമ്ബടി അന്ന് ഇന്ത്യയും ഖത്തറും ഒപ്പിട്ടു. തൊട്ടടുത്ത വര്‍ഷം മോദി ഖത്തറും സന്ദര്‍ശിച്ചു. ഈ ബന്ധത്തിന്റെ ശക്തി ലോകം കണ്ടത് വിമുക്ത ഭടന്‍മാരുടെ വധശിക്ഷ റദ്ദായപ്പോഴാണ്. വിധി വരുന്നതിന് മുന്‍പ് ഡിസംബറില്‍ ദുബായില്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം തവണ അധികാരമേറ്റ ശേഷം അദ്ദേഹം ഖത്തറില്‍ നടത്തുന്ന ആദ്യ സന്ദര്‍ശമാണ് നാളത്തേത്.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുള്ള തന്റെ ആദ്യ വിദേശയാത്രയ്ക്ക് യു.എ.ഇ, ഖത്തര്‍ എന്നീ മുസ്ലിം രാഷ്ട്രങ്ങള്‍ തിരഞ്ഞെടുത്തതും ശ്രദ്ധേയം. യു.എ.ഇ സന്ദര്‍ശനത്തിനിടെ അബുദാബിയിലെ ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സാന്‍സ്ഥ (ബി.എ.പി.എസ്) ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 10 വര്‍ഷത്തിനിടെ മോദിയുടെ ഏഴാമത് യു.എ.ഇ സന്ദര്‍ശനമാണിത്.

Advertisement