ചരിത്ര വിജയം സ്വന്തമാക്കി ടീം ഇന്ത്യ

Advertisement

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 434 റണ്‍സിനു ജയിച്ച ഇന്ത്യ റണ്‍സ് അടിസ്ഥാനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ജയമെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഇന്ത്യ 557 റണ്‍സാണ് ഇംഗ്ലണ്ടിനു മുന്നില്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 122 റണ്‍സില്‍ അവസാനിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നില്‍.
റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് നേരിടുന്ന അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വി കൂടിയാണിത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ പോരാട്ടം 319ല്‍ അവസാനിച്ചു. 126 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു ഇംഗ്ലണ്ടിനു മുന്നില്‍ 557 റണ്‍സ് ലക്ഷ്യം വച്ചു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മിന്നും ഫോമില്‍ പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ തകര്‍ത്തു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിലും പൊരുതാനുള്ള ആര്‍ജവം കാണിച്ചില്ല. 28 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ തുടക്കത്തില്‍ ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നെ ചെറിയ ഇടവേള. സ്‌കോര്‍ 50 എത്തിയപ്പോള്‍ തുടരെ വീണത് മൂന്ന് വിക്കറ്റുകള്‍. വാലറ്റത്ത് പൊരുതി നിന്ന മാര്‍ക് വുഡാണ് (33) പിടിച്ചു നിന്ന ഏക താരം. താരം വെറും 16 പന്തില്‍ 33 റണ്‍സടിച്ചു. ആറ് ഫോറും ഒരു സിക്‌സും പറത്തി. ബെന്‍ ഫോക്‌സ് (16), ടോം ഹാര്‍ട്‌ലി (16) എന്നിവര്‍ പിന്തുണച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്താന്‍ മാര്‍ക് വുഡിനു സാധിച്ചു. പത്താമനായി വുഡിനെ ജഡേജ തന്നെ മടക്കി ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.