ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ 232 റണ്‍സ് ലീഡായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, 109 ഓവര്‍ പിന്നിട്ടപ്പോള്‍ 450 റണ്‍സ് എടുത്തിട്ടുണ്ട്. 8 വിക്കറ്റുകള്‍ നഷ്ടമായി. ടെസ്റ്റില്‍ രോഹിത്തിന്റെ പതിനാലാമത്തെയും ഗില്ലിന്റെ നാലാമത്തെയും സെഞ്ച്വറിയാണ്. അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ 65 റണ്‍സെടുത്തു.
ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.