കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി….കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം

Advertisement

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും മാറ്റുക. രാവിലെ ഒമ്പതരയോടെയാണ് പോലീസ് പരിശോധന നടത്തിയത്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കുഴിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നിതീഷിന്റെ മൊഴി.
വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിലെ തെളിവെടുപ്പില്‍ രാവിലെ കണ്ടെത്തിയിരുന്നു. പ്രതി നിതീഷിനെയും സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകടയിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ്, ഗൃഹനാഥനായ എന്‍.ജി. വിജയനെ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മുറിയുടെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ പിതാവാണ് കൊല്ലപ്പെട്ട വിജയന്‍. തര്‍ക്കത്തെത്തുടര്‍ന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നത്.
വിജയന്റെ മകനായ വിഷ്ണുവിന്റെ സഹായത്തോടെയാണ് മൃതദേഹം മുറിക്കുള്ളില്‍ മറവു ചെയ്തത്. കൊലപാതകത്തിലും തെളിവു നശിപ്പിക്കുന്നതിനും വിജയന്റെ ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ടുമാസത്തോളമായി ഇവര്‍ കാഞ്ചിയാറിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരെ പൊതുവെ പുറത്തു കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടിലെ ആരുമായും ഇവര്‍ ബന്ധം പുലര്‍ത്താറില്ലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

Advertisement