മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്…? പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച

Advertisement

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയിലെത്തി എസ്. രാജേന്ദ്രന്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രന്‍ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന് വീട്ടിലെത്തി പാര്‍ട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയര്‍ നേതാവായ തന്നെ അനുനയിപ്പിക്കാന്‍ ജൂനിയര്‍ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹമുയര്‍ന്നത്. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്.
കൂടിക്കാഴ്ചക്കുശേഷം എസ്. രാജേന്ദ്രന്‍ ദില്ലിയില്‍ തുടരുകയാണ്. കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.