ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ നിറവില്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മവിശുദ്ധി നേടിയതിന്‍റെ സംതൃപ്തിയോടെയാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്.
മാനത്ത് ശവ്വാല്‍ അമ്പിളി തെളിഞ്ഞതോടെയാണ് ചെറിയ പെരുന്നാള്‍ പിറന്നത്. അഥവാ ഈദുല്‍ ഫിത്ര്‍.. നോമ്പില്‍ സംഭവിച്ചുപോയ അപാകതകള്‍ തിരുത്താന്‍ ഫിത്ര്‍ സക്കാത്ത് എന്ന നിര്‍ബന്ധിത ദാനം അര്‍ഹരായവര്‍ക്ക് നല്‍കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്നേഹം പങ്കിട്ടാണ് എല്ലാവരുടെയും പെരുന്നാള്‍ ആഘോഷം.. മധുരവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി പെരുന്നാള്‍ കൂടിച്ചേരലിന്‍റെ സന്ദേശം പകരും.