പ്രസവശേഷം ആരോഗ്യനില വഷളായ യുവതി മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി കാര്‍ത്തികയാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ കഴിഞ്ഞ മാര്‍ച്ച് 25-നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷമാണ് യുവതിയെ സ്‌കാനിംഗിന് വിധേയയാക്കിയത്. സ്‌കാനിംഗില്‍ പഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ സംഭവിച്ച ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. ചാലക്കുടിയിലെ പാലസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ നല്‍കിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നീതുവിന് മറ്റു രണ്ട് കുട്ടികള്‍ കൂടിയുണ്ട്.