മേടം രാശിയിൽ നിന്നും വ്യാഴം ഇടവം രാശിയിലേക്ക്, അല്‍ഭുത നേട്ടം ലഭിക്കുന്നവര്‍ ആരൊക്കെ

Advertisement

2024 മെയ് 1ന് മേടം രാശിയിൽ നിന്നും വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിക്കുകയാണ്.സന്താനങ്ങൾ , സമ്പത്ത്, ദാമ്പത്യ ജീവിതം, വിദ്യാഭ്യാസം, സമൃദ്ധി, ആത്മീയത എന്നിവയുടെ ഗ്രഹമാണ് വ്യാഴം, സർവ്വേശ്വര കാരകനാണ്.മെയ് 2 മുതൽ ഒരു വർഷത്തേക്ക് മേടക്കൂറ് മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ടു കുറുകളിൽ ജനിച്ചവരുടെ വ്യാഴമാറ്റം മൂലമുള്ള ഫലം എന്താണെന്നു നോക്കാം.

മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

മേടം രാശിക്കാർക്ക്
വ്യാഴ സംക്രമണം അനുകൂലമായിരിക്കും. തൊഴിലന്വേഷകർക്ക് ഈ കാലയളവിൽ നല്ല ജോലി ലഭിക്കും.
വ്യാഴം അനുകൂലഭാവമായ ഇടവം രാശിയിലേക്ക് മാറുന്നതിനാൽ ഗുണാധിക്യം എല്ലാ മേഖലയിലും വന്നെത്തും.വലിയ സാമ്പത്തിക നേട്ടങ്ങൾ ഇതുവഴി ഉണ്ടാകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മേടം രാശിക്കാർക്ക് ലാഭം കൈവരുന്ന കാലമാണിത്. അഭിലഷിച്ച വിഷയത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ്, ഇഷ്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്വതന്ത്ര ചുമതല വഹിക്കാനാവും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാൻ കഴിയുന്നതാണ്. മനക്ലേശങ്ങൾ ഇല്ലാതാകും

ഇടവക്കൂറ് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

12ൽ സഞ്ചരിച്ചിരുന്ന വ്യാഴം ജന്മത്തിലേക്ക് വരുന്നത് അല്പം ആശ്വാസം നൽകുന്നതാണ്. എന്നാൽ അലച്ചിലുകൾ വർധിക്കുകയും ചെയ്യും.
പുതിയ വരുമാന സ്രോതസ്സുകൾ ഉടലെടുക്കും. ജോലിസ്ഥലത്ത് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജന്മരാശിയിൽ സഞ്ചരിക്കുന്ന വ്യാഴം മാനസിക പിരിമുറുക്കം ഉണ്ടാക്കാനിടയുണ്ട്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രേരണയേകുന്നതാണ് . വ്യാഴമാറ്റം ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് പറയാനാവില്ല. ദുർവ്യയം അധികരിക്കാം. കുടുംബാംഗങ്ങൾക്കിടയിൽ രമ്യത കുറയാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് കരുതലോടെയാവണം. അന്യനാട്ടിൽ പഠനം, തൊഴിൽ ഇവയ്ക്ക് സാധ്യതയുണ്ട്. ഏജൻസി പ്രവർത്തനം, ദിവസവേതനക്കാർ, വഴിനടന്നുള്ള കച്ചവടം ചെയ്യുന്നവർ തുടങ്ങിയവർക്ക് തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. മക്കൾക്ക് ശ്രേയസ്സുണ്ടാവും. പ്രണയ സാഫല്യം ഉണ്ടാകും. വിവാഹ സാധ്യതയുണ്ട്. വിവാഹിതർക്ക് ദാമ്പത്യസുഖം പ്രതീക്ഷിക്കാം. വലിയ രീതിയിൽ മുതൽ മുടക്കിയുള്ള ബിസിനസ്സിൽ ഏർപ്പെടുന്നത് കരണീയമല്ല. വസ്തുതർക്കങ്ങൾ വ്യവഹാരത്തിലേക്ക് നീങ്ങാനിടയുണ്ട്.

മിഥുനക്കൂറ് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

വ്യാഴം പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാണ്. വ്യയം, പതനം, സ്ഥാനചലനം ഇവയൊക്കെ പന്ത്രണ്ടിലെ വ്യാഴത്തിൻ്റെ പൊതുവായ ഫലങ്ങളാണ്. വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമുള്ള കാലഘട്ടമാണ്. പലതരം നേട്ടങ്ങളുണ്ടാകുമെങ്കിലും അവയ്ക്ക് തെളിച്ചം കുറവായിരിക്കും. വരവ് മോശമാവില്ല. എന്നാൽ ചെലവ് അധികരിക്കുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടാകും പ്രതീക്ഷിച്ചതിലധികം പണം മുടക്കേണ്ടിയും വരും .മതപരമായ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം ചെലവഴിക്കും. ആശുപത്രി, ചികിൽസാ ചെലവുകൾ ഉയരും. നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിച്ചക്കാം. അന്യദേശ യാത്രയ്ക്ക് സന്ദർഭം ഒരുങ്ങും.ഗവേഷണ വിദ്യാർത്ഥികൾക്ക് ഈ വ്യാഴ സംക്രമണം ഗവേഷണം വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. വിദേശത്തുള്ളവർ അവിടെത്തന്നെ തൽക്കാലം തുടരാൻ തീരുമാനിക്കുന്നതാണ്.

കർക്കടകക്കൂറ് (പുണർതം 4-ാം പാദം, പൂയം, ആയില്യം)

വ്യാഴം 11ൽ സഞ്ചരിക്കുന്ന ഈ സമയം കഴിഞ്ഞ 12 വർഷത്തിലേക്കും വച്ച് ഏറ്റവും ഉത്തമമായുള്ളതാണ്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയും
വിദ്യാർത്ഥികൾക്ക് മികച്ച പരീക്ഷാവിജയം, ഉന്നത വിദ്യാഭ്യാസത്തിന് അർഹത എന്നിവ ഭവിക്കും. തൊഴിൽ രംഗത്തിലെ അശാന്തി അവസാനിച്ചേക്കും.ഓഫീസിൽ അധികാരം വർദ്ധിക്കുകയും മേലധികാരികളുടെ പ്രീതിയ്ക്ക് പാത്രമാവുകയും ചെയ്യും. കൃഷികാര്യങ്ങളിൽ താല്പര്യവും തന്മൂലം നേട്ടവും പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്ക് അനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് വേതനം ഉയരും. സ്ഥാനക്കയറ്റത്തിനും ഇഷ്ടസ്ഥലത്തിലേക്ക് മാറ്റത്തിനും സാധ്യത കാണുന്നു. സാമ്പത്തിക നില ഉയർന്നേക്കും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. പ്രണയസാഫല്യം വരാം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് സന്താനപ്രാപ്തി ഉണ്ടാവുന്നതാണ്. ബിസിനസ്സിൽ മുതൽമുടക്കുകൾക്ക് അനുസരിച്ചുള്ള ലാഭമുണ്ടാവും. രോഗശമനം വരുന്നതാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഈ വ്യാഴമാറ്റം ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. കർമ്മരംഗത്ത് അലസത ഉണ്ടായേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഗുണകരമായേക്കില്ല. തൊഴിൽ തേടുന്നവർക്ക് അല്പം നിരാശയുണ്ടാവും. യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടണമെന്നില്ല.
ജോലിയിൽ എതിരാളികളിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ നേരിടാം. നവസംരംഭങ്ങൾക്ക് പറ്റിയ സമയമല്ല. പഠനത്തിൽ ശ്രദ്ധ കുറയുന്നതാണ്. മാതാപിതാക്കളോട് കലഹിച്ചേക്കും. വസ്തുവ്യാപാരത്തിൽ നഷ്ടത്തിനിടയുണ്ട്. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. ക്ഷേത്രഭരണം, നടത്തിപ്പ് മുതലായവയിൽ സൽപ്പേരുണ്ടാവും.പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. കടബാധ്യത ഏകദേശം പരിഹരിക്കുന്നതാണ്. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ഗവേഷകർക്കും കലാകാരന്മാർക്കും പ്രശസ്തി നേടാനാവും.

കന്നിക്കൂറ് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ദുരിത ഭാവത്തിൽ നിന്ന് വ്യാഴം ഭാഗ്യ സ്ഥാനത്തേക്ക് മാറുമ്പോൾ സാമ്പത്തികമായി നേട്ടങ്ങളും സന്താനഭാഗ്യവും പ്രതീക്ഷിക്കാം. സംരംഭങ്ങളിൽ നിന്നും നേട്ടങ്ങൾ വന്നെത്തും. ഉദ്യോഗസിദ്ധി, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം എന്നിവയുണ്ടാകുന്നതാണ്. സമൂഹമധ്യത്തിൽ ആദരവും അംഗീകാരവും ലഭിക്കും. ലഘുപ്രയത്നം കൊണ്ട് വലുതായ നേട്ടങ്ങൾ ആർജ്ജിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പുഷ്ടിയുണ്ടാകും. കുടുംബ സ്വത്തിൽ അർഹമായ വിഹിതം ലഭിക്കുന്നതായിരിക്കും.മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാനാവും. പ്രണയ സാഫല്യം, വിവാഹ യോഗം, എന്നിവ പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)

ഇഷ്ടസ്ഥാനമായ ഏഴാം ഭാവ ത്തിൽ നിന്നും അനിഷ്ട സ്ഥാനമായ എട്ടാം ഭാവത്തിലേക്കാണ് വ്യാഴം സംക്രമിക്കുന്നത്. ദൈവാധീനം ഏറ്റവും കുറഞ്ഞ കാലമാണിത്. നേട്ടങ്ങൾ മന്ദഗതിയിലായേക്കും. അനായാസേന നേടിയിരുന്നവ പ്രയത്നിച്ച് നേടേണ്ടതായി വരും. കൂട്ടുകച്ചവടത്തിൽ പാളിച്ചവരാനിടയുണ്ട്.സാമ്പത്തിക നഷ്ടവും ബാധ്യതകളും വന്നുചേരാം. അപകട സാധ്യതകളും തള്ളിക്കളയാൻ പറ്റില്ല. കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ പരിഹരിക്കുക ക്ലേശകരമാവും. സസ്പെൻഷൻ, ഡീപ്രമോഷൻ തുടങ്ങിയവ ചില സാധ്യതകളാണ്. സഹപ്രവർത്തകരുടെ പിന്തുണ കുറയാം. ഏജൻസി, കമ്മീഷൻ ഏർപ്പാടുകളിൽ വിജയിക്കുന്നതാണ്. മകൻ്റെ സാമ്പത്തിക സഹായം കടം വീട്ടാനുതകും. പിതൃസ്വത്തുക്കൾ പണയപ്പെടുത്തി മകളുടെ വിവാഹം നടത്തിയേക്കും. വിദേശജോലിക്കുള്ള ശ്രമം വിജയിക്കാം.പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങാതിരിക്കുക. പ്രാർ ത്ഥനകളും വഴിപാടുകളും ദാനധർമങ്ങളും നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാകും.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ആറാം ഭാവത്തിൽ നിന്നും ഏഴാം ഭാവത്തിലേക്കുള്ള വ്യാഴത്തിൻ്റെ രാശിമാറ്റം വൃശ്ചികക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഏറ്റവും അനുഗുണമായ ഫലങ്ങൾ നൽകും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളുമുണ്ടാകും. പുതിയ പല അവസരങ്ങളും ലഭിക്കും ഈശ്വരാധീനമുള്ള കാലമാണ്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. തൊഴിൽപരമായ യാത്രകൾ പ്രയോജനപ്രദമായിരിക്കും. ഔദ്യോഗിക ജീവിതം സംതൃപ്തികരമാവും. ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്നതാണ്. ഏഴാമെടം പ്രണയം, വിവാഹം, ദാമ്പത്യം ഇവയുമായി ബന്ധമുള്ളതാകയാൽ പ്രണയ സാഫല്യം ഉണ്ടാകും.അവിവാഹിതരുടെ വിവാഹം നടക്കും പിണങ്ങിപ്പിരിഞ്ഞവർക്ക് വീണ്ടും ഇണങ്ങാനാവും. ജീവിത പങ്കാളിയുടെ സ്വത്തോ സമ്പാദ്യമോ ആവശ്യത്തിന് ഉതകും. സകുടുംബം വിദേശത്ത് വിനോദയാത്ര നടത്തുവാൻ അവസരം സിദ്ധിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കമിടാൻ പറ്റിയ സമയമാണ്.എന്നിരുന്നാലും, വ്യാഴത്തിൻ്റെ പ്രതിലോമ കാലഘട്ടത്തിൽ, ബിസിനസ്സ് ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കണം, ക്ഷമയോടെയിരിക്കണം. ബിസിനസ്സ് പങ്കാളികളുമായി എന്തെങ്കിലും തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം ആരോഗ്യപരമായി സമ്മിശ്രമായ കാലഘട്ടമായിരിക്കും.

ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

അഞ്ചാം ഭാവത്തിൽ നിന്നും ആറാം ഭാവത്തിലാണ് വ്യാഴത്തിൻ്റെ സഞ്ചാരം.ഇത് ധനു രാശിക്കാർക്ക് ചെലവുകൾ വർദ്ധിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കടബാധ്യത പരിഹരിക്കാൻ അത്യദ്ധ്വാനം വേണ്ടതുണ്ട്. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് ഒരു കാര്യത്തിന് തന്നെ പലവട്ടം പരിശ്രമിക്കേണ്ടതായി വരാം.സ്വകാര്യ സ്ഥാപനത്തിൽ നിയമനം കിട്ടാം.
ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കാതിരിക്കുക. കോപം നിയന്ത്രിക്കണം. സഹപ്രവർത്തകരെ പിണക്കുന്നത് മൂലം ഔദ്യോഗിക രംഗം അശാന്തമാവാം. ചിട്ടി, ഊഹക്കച്ചവടം, കമ്മീഷൻ, ഇൻഷ്വറൻസ് ഇത്യാദികൾ പ്രയോജനം ചെയ്തേക്കും. ചിലർക്ക് വീടുവിട്ട് താമസിക്കേണ്ട സ്ഥിതിയുണ്ടാവും. വഞ്ചിക്കപ്പെടാനോ ഉപജാപങ്ങളിൽ പെടാനോ ഇടയുണ്ട്.മഹാവിഷ്ണു ക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും വഴിപാടുകളും മറ്റും നടത്തുന്നത് ദോഷ പരിഹാരമാണ്.

മകരക്കൂറ് (ഉത്രാടം 2, 3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്കാണ് വ്യാഴമാറ്റം. ഉപരിവിദ്യാഭ്യാസത്തിന് മികച്ച അവസരം സംജാതമാകുന്നതാണ്. പ്രണയസാഫല്യം, വിവാഹസിദ്ധി, ദാമ്പത്യ സൗഖ്യം ഇവ പ്രതീക്ഷിക്കാം. സന്താനഭാഗ്യമുണ്ടാകും . സാമ്പത്തികമായി ഉയർച്ചയും സ്ഥിരതയും ഉണ്ടാകും. താത്കാലിക ജോലി സ്ഥിരപ്പെടാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പുതു അവസരങ്ങൾ വന്നെത്തും. അനുദിക്കിൽ നിന്നും സ്വദേശത്തേക്ക് മാറ്റം കിട്ടാം. കലാപ്രവർത്തകർക്ക് ധാരാളം അവസരങ്ങൾ കൈവരിക്കാനാവും. പൊതുപ്രവർത്തകർക്ക് അംഗീകാരമുണ്ടാകും. ജീവകാരുണ്യപരമായ കർമ്മങ്ങൾ ചെയ്യും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ദൈവാധീനമുള്ള കാലമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കുകയും ചെയ്യും.

കുംഭക്കൂറ് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്കാണ് വ്യാഴമാറ്റം. മാനസിക ക്ലേശങ്ങൾക്ക് കുറശ്ശെ അയവുണ്ടാകും.കുടുംബത്തിൽ സമാധാനം ഉണ്ടാകും പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കും. ദാമ്പത്യത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വരാം. വമ്പിച്ച മുതൽമുടക്കിയുള്ള ബിസിനസ്സ് ആരംഭിക്കുന്നത് ഗുണകരമായേക്കില്ല. സർക്കാരിൽ നിന്നും ലൈസൻസ്, രേഖകൾ ഇവ വൈകിയേക്കും. ഉന്നത പഠനത്തിന് ഇഷ്ടവിഷയങ്ങൾക്ക് പ്രവേശനം കിട്ടണമെന്നില്ല. അന്യനാട്ടിൽ പഠനത്തിന് അവസരം ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്.

മീനക്കൂറ് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്കാണ് വ്യാഴമാറ്റം വരുന്നത്. ഒരു വർഷം ദൈവാധീനം കുറഞ്ഞ ഒരു കാലമാണ്. പുതിയ സംരംഭങ്ങൾക്കൊന്നും ഈ സമയം അനുകൂലമല്ല. സാമ്പത്തിക സ്രോതസ്സിന് ശക്തി കുറയാം. അർഹതയും അവകാശവുമുള്ള പലതും കൈവശമെത്താൻ കാലവിളംബം ഉണ്ടാകും. സഹോദരരുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും. നല്ല തൊഴിൽ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. പാരമ്പര്യ തൊഴിലുകൾ മെച്ചപ്പെടുന്നതാണ്. ചെറുകിട സംരംഭങ്ങൾ പുഷ്ടിപ്പെടും. ലോൺ, ചിട്ടി മുതലായവ വ്യാപാര വിപുലീകരണത്തിന് ഉതകും. പണയ വസ്തുക്കളുടെ തിരിച്ചടവ് സമ്മർദ്ദമുണ്ടാക്കും. ദാമ്പത്യജീവിതത്തിൽ പരസ്പരൈക്യം വർദ്ധിക്കുന്നതാണ്. സ്വയം അദ്ധ്വാനിച്ചുള്ള കൃഷിയിൽ ലാഭം പ്രതീക്ഷിക്കാം. അന്യദേശത്ത് കഴിയുന്നവർക്ക് പുതുജോലികൾക്കായി ശ്രമിക്കേണ്ടി വന്നേക്കാം.വിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലോ പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാണ്.

Advertisement