ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ട്. കൊട്ടിക്കലാശം മുന്നണികള്‍ ആഘോഷമാക്കി. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചു.
മണ്ഡലങ്ങളില്‍ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം നടന്നത്. കൊട്ടും പാട്ടുമൊക്കെയായുള്ള കൊട്ടിക്കലാശത്തില്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമുയര്‍ന്നു. 40 നാള്‍ നീണ്ട പ്രചാരണം തീരുമ്പോള്‍ കളം നിറഞ്ഞ് പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.
കൊട്ടിക്കലാശത്തില്‍ മലപ്പുറം കുന്നുമ്മലും വണ്ടൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മാവേലിക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൊടുപുഴയില്‍ സംഘര്‍ഷം യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു.