കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്‌സിൻ എടുക്കുന്നതിലൂടെ അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സമ്മതിച്ചതിന് പിന്നാലെയാണ് വാക്‌സിൻ പിൻവലിക്കുന്നത്.
വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്.