അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ. ഇരുടീമുകൾക്കും 14 പോയന്റായതോടെ റൺറേറ്റ് വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് കുതിച്ചത്. അവസാന ഓവറിൽ എം.എസ് ധോണിയുടെ വിക്കറ്റ് വീണത് മത്സരത്തിൽ നിർണായകമായി.
ടൂർണമെന്റിന്റെ ആദ്യപകുതിയിൽ വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബാംഗ്ലൂരിന്റെ ഉഗ്രൻ തിരിച്ചുവരമാണ് പിന്നീട് കാണാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബാംഗ്ലൂർ ബാറ്റിംഗ് ആരംഭിച്ചത്. ബാംഗ്ലൂരിനായി ആദ്യ ഓവറുകളിൽ തന്നെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും വെടിക്കെട്ട് ആരംഭിക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. നായകൻ ഡുപ്ലസി 39 പന്തുകളിൽ 54 റൺസാണ് മത്സരത്തിൽ നേടിയത്. കോഹ്ലി 29 പന്തുകളിൽ 47 റൺസ് നേടി. ശേഷം മൂന്നാമനായി എത്തിയ രജത് പട്ടിദാരും അടിച്ചു തകർത്തതോടെ ബാംഗ്ലൂരിന്റെ സ്കോർ ഉയരുകയായിരുന്നു. 23 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 41 റൺസാണ് പട്ടിദാർ നേടിയത്.