പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് , നിർണായകമായത് ഒരു ഫോൺ കാൾ

Advertisement

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് .
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. കുടക് സ്വദേശിയായ 35 വയസുകാരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമൂലം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
ഭാര്യയെ മറ്റൊരാളുടെ ഫോണില്‍ നിന്ന് പ്രതി വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇന്ന് രാത്രിയോടെ പ്രതിയുമായി പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്‌സോ,പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.