കുവൈറ്റ് തീപിടിത്തം; മരിച്ചവരില്‍ കൊല്ലം സ്വദേശി

Advertisement

കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ശൂരനാട് സ്വദേശിയും, ശൂരനാട്, ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമ്മറുദീന്റെയും , സബീനയുടെയും മകൻ ഷമീര്‍ (33) ആണ് മരിച്ചത്. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു എന്നാണ് വിവരം. ആകെ 40 ലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.

കെട്ടിട ഉടമ കസ്റ്റഡിയില്‍
തീപിടിത്തത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും കസ്റ്റഡിയിലെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍.

പരിക്കേറ്റവര്‍ ഇവിടെ
പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

Advertisement