ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നദീതീരത്തു നിന്ന് ലോഹസാന്നിധ്യത്തിന്റെ ഒരു സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്‌നല്‍ ലഭിച്ചയിടത്ത് മണ്ണു നീക്കി പരിശോധിക്കുകയാണ്.
റോഡില്‍ രണ്ടിടങ്ങളില്‍ നിന്നാണ് റഡാര്‍ സിഗ്‌നല്‍ ലഭിച്ചിരുന്നത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു. റോഡിലേക്ക് വീണ മണ്ണിന്റെ ഏതാണ്ട് 95 ശതമാനത്തോളം മണ്ണു നീക്കി പരിശോധിച്ചിട്ടുണ്ട്.
അതിനിടെ തിരച്ചിലില്‍ പുഴയില്‍ നിന്നും കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്ക്കടുപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ വീണ ടാങ്കര്‍ ഏഴു കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നു കളഞ്ഞശേഷമാണ് കരയ്ക്കടുപ്പിച്ചത്. കാണാതായ അര്‍ജുന് വേണ്ടിയുള്ള കരഭാഗത്തെ തിരച്ചില്‍ ഇന്ന് പൂര്‍ത്തിയാക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.