കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം. ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച പ്രഥമ കായിക മേളയില്‍ 526 ഗെയിംസ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 144 സ്വര്‍ണമുള്‍പ്പെടെ 1213 പോയിന്റുകളാണ് തിരുവനന്തപുരം നേടിയത്. 88 വെള്ളിയും 100 വെങ്കലവും നേടി.
744 പോയിന്റോടെ തൃശൂര്‍ റണ്ണര്‍ അപ്പായി. 73 സ്വര്‍ണം, 56 വെള്ളി, 75 വെങ്കലം. 67 സ്വര്‍ണമുള്‍പ്പെടെ 673 പോയിന്റുകളുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മറ്റു ജില്ലകളുടെ പോയിന്റ് നില: മലപ്പുറം 568, പാലക്കാട് 522, കോഴിക്കോട് 520, എറണാകുളം 410, കൊല്ലം 291, കാസര്‍ഗോഡ് 229, വയനാട് 181, ആലപ്പുഴ 170, കോട്ടയം 151, ഇടുക്കി 93, പത്തനംതിട്ട 42. സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. (78), തൃശൂര്‍ കോട്ടുകര പി.പി.എം.എച്ച്.എസ്.എസ്. (55), തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ.്എസ്. (53) ടീമുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. നേരത്തേ നീന്തലിലും തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായിരുന്നു.
അത്ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് സമാപിക്കുന്നതോടെ സ്‌കൂള്‍ മീറ്റിനും കൊടിയിറങ്ങും. ഗെയിംസ്, അത്ലറ്റിക്സ്, നീന്തല്‍ മത്സരങ്ങളിലെ പോയിന്റുകള്‍ ചേര്‍ത്താണ് ചീഫ് മിനിസ്റ്റര്‍ എവര്‍റോളിങ് ട്രോഫിക്കുള്ള ജേതാക്കളെ നിശ്ചയിക്കുക. ഒരു പകല്‍ മാത്രം ശേഷിക്കേ 1926 പോയിന്റുള്ള തിരുവനന്തപുരം കിരീടം ഉറപ്പിച്ചു. തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട് (845), മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 769 പോയിന്റുകളാണ്.
കായികമേളയുടെ സമാപനസമ്മേളനം ഇന്ന് വൈകിട്ട് നാലിനു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രഥമ ചീഫ് മിനിസേ്റ്റഴ്സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.