അശ്വതി മുതൽ പൂയം വരെ നക്ഷത്രക്കാരുടെ 2025 ലെ സമ്പൂർണഫലം

Advertisement

2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു അശ്വതി മുതൽ പൂയം നക്ഷത്രം വരെയുള്ളവരുടെ പൊതുഫലങ്ങൾ നോക്കാം.മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.

അശ്വതി

കഴിഞ്ഞ വർഷത്തിൻ്റെ തുടർച്ചയായുള്ള അനുഭവങ്ങൾ തന്നെയാവും ആദ്യ അഞ്ചുമാസക്കാലം പ്രതീക്ഷിക്കാനാവുക.വിദേശതൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. പദവിയിൽ ഉയർച്ചയോ സ്വതന്ത്ര ചുമതലയോ ലഭിക്കുന്നതാണ്. എതിർപ്പുകളെ അതിജീവിച്ച് മുന്നേറാനാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം സംഭവിക്കുന്നതിനാൽ അശ്വതി നാളുകാർക്ക് ഏഴരശ്ശനിക്കാലം തുടങ്ങുകയാണ്. വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ കുറച്ചൊക്കെ അനിശ്ചിതത്വവും ആശയക്കുഴപ്പവും വരാനിടയുണ്ട്. ഈ സമയത്ത് ആരോഗ്യകാര്യത്തിലും ധനകാര്യത്തിലും ജാഗ്രത അനിവാര്യമാണ്

ഭരണി

സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.ഭവന നിർമാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗദുരിതത്തിൽ നിന്ന് ആശ്വാസം. ഉദ്യോഗലബ്ധി, കലാപരമായ ഉയർച്ച, ധനപരമായ വളർച്ച എന്നിവയെല്ലാം യാഥാർത്ഥ്യമാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം മൂലം ഏഴരശ്ശനിക്കാലം ആരംഭിക്കുന്നു. മേയ് മാസത്തിൽ വ്യാഴം മൂന്നാം ഭാവത്തിലേക്ക് പോവുകയാണ്. രാഹു മാറ്റം ഗുണകരമാവും. ജൂൺ മാസം മുതൽ വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം

കാർത്തിക
ജൂൺ വരെ മേടക്കൂറുകാർക്ക് അനുകൂലമായ കാലഘട്ടമായിരിക്കും. ശത്രുവിജയം അനായാസമാവും. ഉദ്യോഗലബ്ധി സ്വാഭാവികമായി വന്നെത്തും.സേനാവിഭാഗങ്ങളിൽ ജോലി ലഭിക്കുവാൻ അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. സാമൂഹികമായ അംഗീകാരം ലഭിക്കും. മാർച്ച് ഒടുവിൽ ഏഴരശ്ശനിക്കാലം തുടങ്ങുന്നതാണ്. ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്.
ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യത്തിനുമേൽ ഗുണഫലം പ്രതീക്ഷിക്കാം. ക്ഷമാപൂർവുമായ കാത്തിരിപ്പിന് അർഹിക്കുന്ന ഫലം ലഭിക്കുന്നതാണ് വിവാഹത്തിന് യോഗമുണ്ട്. വസ്തുവോ വീടോ വാങ്ങാൻ സാധിക്കും. പ്രണയത്തിൽ ആഹ്ളാദിക്കുവാനാവും. ദാമ്പത്യത്തിൽ സന്തോഷം പ്രതീക്ഷിക്കാം. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കുന്നതാണ്.

രോഹിണി
ആദ്യ മൂന്നു മാസങ്ങളിൽ പ്രത്യേക മാറ്റങ്ങൾ കാണുന്നില്ല സ്വന്തം തൊഴിലിൽ കാര്യതടസ്സം തുടരുന്നതാണ്. സ്ഥാനക്കയറ്റം അനർഹർക്ക് കിട്ടുന്നതിൽ വിഷമിക്കും. വസ്തുവില്പനയിൽ കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. കുടുംബത്തിൽ സമാധാനം കുറയുന്നതാണ്. മാർച്ചു മാസം അവസാനം ശനി കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് പ്രവേശിക്കുന്നതോടെ കണ്ടകശനി അവസാനിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ജൂൺമാസം മുതൽ വ്യാഴാനുകൂല്യം വരും. അക്കാരണത്താൽ മനശ്ശാന്തിയുണ്ടാവും
മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. കടബാധ്യതകൾ തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും.

മകയിരം

സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധവേണ്ട കാലമാണ്. വലിയ മുതൽമുടക്കുകൾക്ക് തുനിയാതിരിക്കുക . ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് കണ്ടകശനി തീരുന്നത് ഏറ്റവും ആശ്വാസകരമാണ്. വ്യാഴം ജന്മരാശിയിൽ നിന്നും മാറുകയാൽ ജൂൺ മാസം മുതൽ ഉയർന്ന ഗുണാനുഭവങ്ങൾ കൈവരും. രാഷ്ട്രീയ സ്വാധീനം അധികമാവും. കടബാധ്യതകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസം ഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും.തൊഴിൽരഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും.മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയബന്ധങ്ങൾ ഉണ്ടാകും വിവാഹമാലോചിക്കുന്നവർക്ക് അനുകൂല സമയമാണ്

തിരുവാതിര

ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. ഭൂമി വിൽപന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കും.രോഗദുരിതത്തിൽ കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുൻകൈയെടുക്കും. ഏപ്രിൽ മുതൽ കണ്ടകശ്ശനിക്കാലമാവുകയാൽ ഇടപാടുകളിൽ കണിശത പുലർത്തണം. തൊഴിൽ തേടുന്നവർക്ക് സ്ഥിരവരുമാനം ഉണ്ടാവുന്നതാണ്. ജൂൺ മുതൽ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നു. അവിവാഹിതർക്ക് വിവാഹം നടക്കും.

പുണർതം
ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും.
മിഥുനക്കൂറുകാർക്ക് ഏപ്രിൽ മുതൽ പത്താം ഭാവത്തിൽ കണ്ടകശ്ശനി വരുന്നതിനാൽ തൊഴിൽമാറ്റം കരുതലോടെയാവണം. പൊതുപ്രവർത്തകർ സ്വന്തം അണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നതാണ്. ജൂൺ മുതൽ വ്യാഴത്തിൻ്റെ ജന്മരാശിയിലെ സഞ്ചാരം കാരണം സാമ്പത്തിക കാര്യങ്ങളിൽ അല്പം സമ്മർദ്ദം ഭവിക്കുന്നതാണ്. കർക്കടകക്കൂറുകാർക്ക് വിദേശപഠനം/തൊഴിൽലബ്ധി എന്നിവ സാധ്യമാവും. കടബാധ്യതകൾ പരിഹരിക്കാൻ ബന്ധുക്കളുടെ /സുഹൃത്തുക്കളുടെ സഹായം തേടിയേക്കും.കുടുംബജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും.സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും.

പൂയം:

സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപന, ഏജൻസി ജോലികളിൽ നിന്നും ധനലാഭമുണ്ടാകും.വ്യാഴാനുകൂല്യം ഉള്ളതിനാൽ കൊതിച്ച പദവികൾ ലഭിക്കാൻ കാരണമാവുന്നതാണ്. സ്വയം ചിന്തിച്ചും വരും വരായ്കകൾ കണക്കാക്കിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സഫലമാവും. കുറച്ചു കാലമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഗൃഹനിർമ്മാണത്തിന് അവസരം ഭവിക്കും സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറച്ചൊരാശ്വാസം നൽകുന്നതായിരിക്കും.അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ അവസരം സാധ്യമാകുന്നതാണ്.ഗൃഹ നിർമാണം സാധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും.