ആയില്യം മുതൽ വിശാഖം വരെയുള്ള നക്ഷത്രക്കാരുടെ 2025 ലെ സമ്പൂർണഫലം

Advertisement

2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു ആയില്യം മുതൽ വിശാഖം നക്ഷത്രം വരെയുള്ളവരുടെ പൊതുഫലങ്ങൾ നോക്കാം.മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.

ആയില്യം

സ്വച്ഛതയും സമാധാനവും എല്ലാക്കാര്യത്തിലും നിലനിർത്താനാവും. ദീർഘകാലമായി കാത്തുപോരുന്ന ന്യായമായ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനത വർദ്ധിക്കും. കലാസാഹിത്യരംഗം ഉപജീവനമായി സ്വീകരിച്ചിട്ടുള്ളവർ കൂടുതൽ ഉയരങ്ങളിലെത്തും. പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങുവാനാവും. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉന്നതബിരുദം കരസ്ഥമാക്കും. കാലതാമസം കൂടാതെ ആശിച്ച ജോലിയിൽ പ്രവേശിക്കുന്നതാണ്. ഈ വർഷത്തെ ശനിമാറ്റം ആശ്വാസമുണ്ടാക്കും.വിവാഹമാലോചിച്ചു നടക്കാതിരുന്നവർക്ക് തടസ്സം മാറി മികച്ച ബന്ധം ലഭിക്കും. രാഹുമാറ്റം കാര്യവിഘ്നത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തും. വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യം മുതൽ യാത്രകൾ കൂടും. കുടുംബാംഗങ്ങൾ ജോലി, പഠിപ്പ് മുതലായവയാൽ പല ദേശങ്ങളിൽ വസിക്കേണ്ടിവരും.ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും. പണി പൂർത്തിയാക്കിയ ഫ്‌ളാറ്റ്, വീട് എന്നിവ വാങ്ങുവാൻ യോഗമുണ്ട്.

മകം: തൊഴിൽരംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും.വരുമാന വർധനയുണ്ടാകും. ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നനിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.ദീർഘകാലം പ്രണയിച്ചവർക്ക് വിവാഹത്തിലൂടെ ഒന്നാവാനാവും. കുട്ടികളില്ലാതെ വിഷമിച്ചവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മാർച്ച് 29 ന് കണ്ടകശനി തീരുന്നു. എന്നാൽ അഷ്ടമശനി തുടങ്ങുന്നു. രാഹു എട്ടിൽ നിന്നും ഏഴിലേക്ക് മാറുന്നുണ്ട്. ജന്മരാശിയിൽ കേതുവിൻ്റെ സഞ്ചാരം തുടങ്ങുകയുമാണ്. ഇത്തരം ഗ്രഹമാറ്റങ്ങളാൽ ആരോഗ്യകാര്യത്തിൽ സവിശേഷ ശ്രദ്ധയുണ്ടാവണം. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും.

പൂരം
ഗുണാനുഭവങ്ങളും ലക്ഷ്യപ്രാപ്തിയും ഭവിക്കുന്ന വർഷമാണ്. തടസ്സങ്ങളെ മനശ്ശക്തിയാൽ മറികടക്കും. .
നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിക്കാൻ സാധ്യത. വിദേശയാത്രയ്ക്ക് യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നതബിരുദം നേടാനും വിളംബം വരാതെ തന്നെ യോഗ്യതക്കൊത്ത ജോലി ലഭിക്കാനും പ്രയാസമുണ്ടാവില്ല. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നം പൂവണിയുന്നതാണ്.ഓഹരി വിപണി, ഊഹക്കച്ചവടം എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. വ്യാഴം പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ 2025 മേയ് മാസത്തിനു ശേഷം നേട്ടങ്ങൾ അധികരിക്കും. ഏഴിലെ ശനി എട്ടിൽ പ്രവേശിക്കുന്നതും എട്ടിലെ രാഹു ഏഴിൽ പ്രവേശിക്കുന്നതും ഗുണകരമാവില്ല. ആരോഗ്യ കാര്യത്തിൽ നിരന്തരശ്രദ്ധ അനുപേക്ഷണീയമാണ്

ഉത്രം

ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗം കൂടുതൽ ഗുണകരമായേക്കും. വ്യാഴത്തിൻ്റെ പതിനൊന്നിലെ സഞ്ചാരം സാമ്പത്തിക സ്ഥിരതയ്ക്ക് വഴിവെക്കും. ഉന്നത ബിരുദം നേടുവാനാവും. തൊഴിലിൽ മുതൽമുടക്കിയ തുക ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വായ്പകൾ അടച്ചുതീരുന്നത് ആശ്വാസമുണ്ടാക്കും. ഉദ്യോഗാന്വേഷികൾ നിരാശപ്പെടില്ല. ശനിയും രാഹുവും മാറിമാറി ഏഴാം ഭാവത്തിൽ തുടരുന്നത് ദാമ്പത്യത്തിൽ സംഘർഷമുണ്ടാക്കാം. ആരോഗ്യപരമായും ശ്രദ്ധ വേണം. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിൽ സ്ഥാനപ്രാപ്തിയും അധികാരലബ്ധിയും വന്നുചേരുന്നതാണ്. മനസ്സമാധാനം ഉണ്ടാവും. നറുക്കെടുപ്പുകളിലും ചിട്ടിയിലും വിജയിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും. ഗൃഹ നിർമാണത്തിൽ നിലനിന്നിരുന്ന അവിചാരിത തടസ്സം നീങ്ങും. വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോകുവാനുള്ള സാധ്യത നിലനിൽക്കുന്നു.

അത്തം

ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി ലഭിക്കുകയും ചെയ്യും.വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദാമ്പത്യ ജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്.വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.മാർച്ചുമാസം ഒടുവിലെ ശനിയുടെ ഏഴാം രാശിയിലേക്കുള്ള മാറ്റത്താൽ കണ്ടകശ്ശനിക്കാലത്തിന് തുടക്കമാവും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച അനിവാര്യമായ കാലഘട്ടമായിരിക്കും. മെയ് മാസത്തിലെ വ്യാഴമാറ്റം മൂലം നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വരുന്നതാണ്.

ചിത്തിര

ഒരുപാട് മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്ന വർഷമാണ് 2025. വിശേഷിച്ചും തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക്. അഷ്ടമവ്യാഴത്തിൻ്റെ ദൗർഭാഗ്യം വർഷത്തിൻ്റെ പകുതി മുതൽ ഒമ്പതിലെ വ്യാഴത്തിൻ്റെ നന്മയായി മാറുന്നു. ആദ്യ മൂന്നുമാസങ്ങളിൽ കന്നിക്കൂറുകാരായ ചിത്തിരക്കാർക്കാവും ശുഭഫലങ്ങൾ വരിക. കടബാധ്യത ഒട്ടൊക്കെ തീർക്കാൻ കഴിഞ്ഞേക്കും. കുടുംബപരമായ ചുമതലകൾ ഭംഗിയായി നിർവഹിക്കാനും സാധിക്കുന്നതാണ്. വസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. മാർച്ച് ഒടുവിലെ ശനിമാറ്റം മൂലം തുലാക്കൂറുകാർക്ക് കർമ്മഗുണം അഭിവൃദ്ധിപ്പെട്ടേക്കും. പുതിയ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ കഴിഞ്ഞവർക്ക് ജന്മനാട്ടിൽ മടങ്ങിവരാനും വിശ്രമജീവിതം നയിക്കാനും സാഹചര്യം അനുകൂലമാവും. ആരോഗ്യപരമായി സ്വസ്ഥത പ്രതീക്ഷിക്കാം.സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കുറവായിരിക്കും.ഗൃഹനിർമാണത്തിൽ അവിചാരിത തടസ്സം നേരിടാം.

ചോതി

സാമ്പത്തികപരമായ നേട്ടങ്ങൾക്കായി കഠിനപ്രയത്നം വേണ്ടി വരും. വരവിനൊപ്പം ചെലവും അധികരിക്കും. ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റ പണികൾ വേണ്ടി വരും. വളരെ അടുത്ത സുഹൃത്തുക്കളുമായി മാനസിക അകൽച്ചയ്ക്കു സാധ്യത. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടി വരും. വിദ്യാർഥികൾക്ക് അലസത പിടിപെടാവുന്ന കാലമാണ്. പിതൃജനദുരിതമുണ്ടാകും.ഏപ്രിൽ മുതൽ അല്പാല്പമായി കാര്യങ്ങൾ വരുതിയിലാവും. ശനി ആറാം ഭാവമായ മീനത്തിൽ പ്രവേശിക്കുന്നത് കാര്യവിജയത്തിന് ഏറ്റവും അനുകൂലമാവും. പല കാലങ്ങളായി ക്ലേശിപ്പിച്ച ശത്രുക്കൾ നിശബ്ദരായേക്കും.വലിയ പ്രയത്നം കൊണ്ടും മുൻപ് നേടാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുയത്നത്താൽ കരഗതമാവുന്നതാണ്. മേയ് മാസം പകുതിയോടെ വ്യാഴം അഷ്ടമഭാവത്തിൽ നിന്നും ഭാഗ്യഭാവത്തിൽ സംക്രമിക്കുന്നത് സർവ്വവിധത്തിലും ആശ്വാസമാവും.

വിശാഖം
ആദ്യം പ്രതികൂലമായും ക്രമേണ അനുകൂലമായി മാറുന്ന ഫലങ്ങളാണുണ്ടാവുക.
സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം ഉയരുന്നതായിരിക്കും.സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണമായി വീട്ടുവാൻ സാധിക്കും. അർഹിക്കുന്ന പദവി ലഭിക്കാത്തതിൽ വിഷമമുണ്ടാവും. അനാവശ്യമായ തർക്കങ്ങൾ കുടുംബ ജീവിതത്തിൻ്റെ സ്വൈരം കെടുത്താനിടയുണ്ട്. മാർച്ച് മാസം ഒടുവിലായി വരുന്ന ശനിയുടെ ആറാം ഭാവത്തിലേക്കുള്ള രാശിമാറ്റവും മേയ് മാസം പകുതിയിലായി വരുന്ന വ്യാഴത്തിൻ്റെ ഭാഗ്യഭാവത്തിലേക്കുള്ള രാശിമാറ്റവും ഏറ്റവും ഗുണപ്രദമാണ്. തുലാക്കൂറുകാർക്ക് ജീവിതത്തിൽ ഉയരാനും സുസ്ഥിതിയിൽ എത്താനും സാഹചര്യം അനുകൂലമാവും. അനാരോഗ്യത്താൽ വിഷമിക്കുന്നവർക്ക് ചികിൽസാ മാറ്റം കൊണ്ട് സുഖം ഭവിക്കുന്നതായിരിക്കും. ഉന്നത ബിരുദം കരസ്ഥമാക്കാനും അർഹതയിൽ അധികമായ ജോലി നേടാനും സാധിക്കുന്നതാണ്.സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമ സന്താനലാഭമുണ്ടാകുന്ന കാലമാണ്.