തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ അമര്‍ ഇലാഹി സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു. സുഹൃത്ത് മന്‍സൂറിന്റെ കാലിനാണ് പരിക്കേറ്റത്. മന്‍സൂര്‍ ചികിത്സയിലാണ്.മന്‍സൂര്‍ പറഞ്ഞത് അനുസരിച്ച് നാട്ടുകാര്‍ അമര്‍ ഇലാഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുവന്നത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അമര്‍ ഇലാഹിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കാട്ടാന ശല്യമുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് നാട്ടുകാരും വനംവകുപ്പും സംയുക്തമായി കാട്ടാനകളെ തുരത്താനുള്ള ദൗത്യം നിര്‍വഹിച്ചിരുന്നു. ഇതിന് ശേഷം കാട്ടാനകള്‍ ഈ പ്രദേശത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് പോയി എന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്. ഈ പ്രദേശത്തിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് മുള്ളരിങ്ങാട് മേഖല.