സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.
വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നു. പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്ക്ക് വിട്ടു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ആസ്ഥാനത്തിന്റെ വിശദീകരണം.
കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.