ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അനുശാന്തിക്ക് ജാമ്യം. കേസിൽ ജാമ്യം തേടി പ്രതി അനുശാന്തി സമർപ്പിച്ച ഹർജി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു . കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയായിരുന്നു വിചാരണക്കോടതിയും ഹൈക്കോടതിയും അനുശാന്തിക്ക് ശിക്ഷ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ഉൾപ്പെടെ വിധിച്ചത് എന്നും സർക്കാർ സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ അതിക്രമം കാരണം കാഴ്‌ച നഷ‌്‌ടപ്പെട്ടുവെന്നും ചികിത്സയ്‌ക്കായി ശിക്ഷ റദ്ദാക്കണമെന്നുമാണ് അനുശാന്തി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്നും കോടതിയുടെ ദയ പിടിച്ചുപറ്റി അനുകൂലമായ വിധിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.
2014 ഏപ്രിലിലായിരുന്നു നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലിൽ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസുള്ള മകളും ഭർതൃമാതാവുമാണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകൻ നിനോ മാത്യുവും ഗൂഢാലോചന നടത്തി ക്രൂരകൃത്യം നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നിനോ മാത്യുവിന് വിചാരണക്കോടതി നൽകിയ വധശിക്ഷ കേരള ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചിരുന്നു. 25 വർഷം പരോളില്ലാതെ തടവ് അനുഭവിക്കണമെന്നും നിർദ്ദേശിച്ചു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവച്ചു.