2025 ജനുവരി 21 മുതൽ ചൊവ്വ കർക്കടകത്തിൽ നിന്നും വക്രഗതിയായി മിഥുന രാശിയിലേക്ക് സഞ്ചരിക്കുന്നു. ഏപ്രിൽ 3 വരെ ചൊവ്വ മിഥുനം രാശിയിൽ തുടരും.ചൊവ്വയുടെ ശത്രുവായ ബുധൻ്റെ സ്വക്ഷേത്രമാണ് മിഥുനം രാശി. ശത്രുവിൻ്റെ രാശിയിലൂടെയാണ് അടുത്ത 70 ദിവസങ്ങൾ ചൊവ്വ കടന്നുപോകുന്നത്.ഫെബ്രുവരി 26 വരെ ചൊവ്വ വക്രഗതിയിൽ സഞ്ചരിക്കുകയാൽ ചൊവ്വ നൽകുന്ന അനുഭവങ്ങൾ ശക്തങ്ങളായിരിക്കും.പന്ത്രണ്ടു രാശികളിൽ ജനിച്ചവർക്ക് ചൊവ്വയുടെ മിഥുന രാശി സഞ്ചാരം എപ്രകാരമുള്ള ഫലങ്ങൾ നൽകും എന്നു നോക്കാം.
മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറിൻ്റെ അധിപനായ ചൊവ്വ മൂന്നാം ഭാവമായ മിഥുനം രാശിയിൽ സഞ്ചരിക്കുന്നത് മൂലം സൽഫലങ്ങൾ ഇരട്ടിക്കാനിടയാക്കും.സാമ്പത്തിക നേട്ടം കൈവരും. തൊഴിൽമേഖലയിൽ ഉയർച്ചയുണ്ടാവും. ജീവിതത്തിൽ ഉയർച്ചയും സന്തോഷവും കൈവരും. നേതൃപദവി പ്രാപ്തമാകും . ശത്രുക്കളെ നിഷ്പ്രഭരാക്കാനാകും. . വസ്തുവാങ്ങുന്നതിന് ശ്രമിക്കുന്നവർക്ക് കാര്യസാധ്യം ഭവിക്കും. സഹോദരങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാവും.
ഇടവക്കൂറ്(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ചൊവ്വയുടെ രാശിമാറ്റം ഇടവക്കൂറുകാർക്ക് നല്ലതല്ല.കുടുംബത്തിൽ സുഖവും സമാധാനവും നിലനിർത്താൻ നന്നായി പരിശ്രമിക്കണം.
വാക്കുകൾ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കിൽ ശത്രുക്കൾ പെരുകാനിടയുണ്ട്. ആഭരണങ്ങൾ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.കടം വാങ്ങി ചെലവ് ചെയ്യാതിരിക്കുക. കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവാൻ സാധ്യത. തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും.നിങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാൽ നഷ്ടങ്ങളും മനക്ലേശവും ഉണ്ടാകും. എടുത്തു ചാട്ടം ആപത്താകും. ഈശ്വര പ്രാർത്ഥന, ക്ഷേത്ര ദർശനം എന്നിവ നടത്തുക.
മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ജനിച്ച കൂറിൽ ചൊവ്വ സഞ്ചരിക്കുന്നത് അത്ര അനുകലമല്ല . അയത്നലളിതമായി നടക്കാവുന്ന കാര്യങ്ങൾ വളരെ കഷ്ടപ്പെട്ട് കൈവരിക്കേണ്ട സ്ഥിതി വരാം. ബിസിനസ്സുകളിൽ മുതൽ മുടക്കിന് ഇക്കാലം നല്ലതല്ല. തീരുമാനിച്ച കാര്യങ്ങൾ നീട്ടിവെക്കേണ്ടിവരും.ആരോഗ്യപരമായി മോശം സമയമാണ്. വാഹനം, അഗ്നി, ആയുധം, യന്ത്രം ഇവ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും ജാഗ്രത ആവശ്യമാണ്. സാഹസിക കാര്യങ്ങൾ ഒഴിവാക്കുക ഉചിത്രം. കഴിവിനനുസരിച്ചുള്ള സ്ഥാനക്കയറ്റം, ശമ്പള വർദ്ധന എന്നിവ വൈകിയേക്കാം. ഭൂമി വിൽക്കുവാനോ വാങ്ങുവാനോ സമയം നല്ലതല്ല. ഈശ്വരപ്രാർത്ഥന മുടക്കരുത്.
കർക്കടകക്കൂറ് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ താരതമ്യേന പ്രതികൂല ഫലങ്ങൾ വന്നേക്കാം. ചെലവ് കൂടും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പേര് ചീത്തയാവാൻ ഇടയുണ്ട്. തൊഴിലിൽ സമ്മർദ്ദം ഉയർന്നേക്കും.ദൂരദിക്കിലേക്ക് മാറി താമസിക്കേണ്ടതായി വരും. വിദേശത്ത് ജോലി തേടിപ്പോയവർക്ക് നല്ല അവസരങ്ങൾക്കായി കാത്തിരിപ്പ് തുടരേണ്ടി വരുന്നതായിരിക്കും.രഹസ്യ ശത്രുക്കളേറാനിടയുണ്ട്.സൗഹൃദം കൊണ്ട് ഗുണത്തോടൊപ്പം ദോഷവും ഭവിക്കാം. രോഗക്ലേശങ്ങൾ അലട്ടാം. ഭൂമി വ്യാപാരത്തിൽ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. വീഴ്ച, ചതവ്, ഒടിവ് ഇവയ്ക്ക് സാധ്യതയുണ്ട് സൂക്ഷിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചൊവ്വ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ കാലം അനുകൂലമാണ്. സാമ്പത്തിക ഉയർച്ചയുണ്ടാകും. തൊഴിൽ ലഭിക്കാനിടയുണ്ട്. ബിസിനസിൽ ഉയർച്ചയുണ്ടാകും. കേസുകളിൽ അനുകൂല വിധി വരാൻ സാധ്യത കാണുന്നു. വസ്തുവ്യാപാരം ലാഭമുണ്ടാക്കുന്നതാണ്.ന്യായമായ ആഗ്രഹങ്ങൾ നേടിയെടുക്കും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാനാവും. രാഷ്ട്രീയത്തിൽ യശസ്സുണ്ടാവും. കിടപ്പു രോഗികൾക്ക് ആശ്വാസം ഉണ്ടാകും. ദാമ്പത്യ ബന്ധം ദൃഢപ്പെടും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ അനുരഞ്ജനത്തിലെത്തും. സംഘടനകളിൽ നേതൃപദവി മത്സരം കൂടാതെ ലഭിക്കും. ശത്രുക്കളെ നിഷ്പ്രഭരാക്കും.
കന്നിക്കൂറ് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പത്താം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് കർമ്മരംഗത്ത് മൗഢ്യവും പ്രയാസങ്ങളും സൃഷ്ടിക്കാം. പ്രയത്നത്തിന് തക്ക പ്രതിഫലം ഉണ്ടാവുകയുമില്ല. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാവുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങുവാൻ അലച്ചിലും സർക്കാരിൽ നിന്നും തടസ്സങ്ങളും ഉണ്ടാകാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പേര് ചീത്തയാവാൻ ഇടയുണ്ട്. സഹായവാഗ്ദാനങ്ങൾ പ്രയോജനപ്പെടണമെന്നില്ല. കടം വാങ്ങുന്ന സാഹചര്യം ഒഴിവാക്കുക. വായ്പകളുടെ തിരിച്ചടവിന് സമ്മർദ്ദമുണ്ടായേക്കും. എടുത്തു ചാടി തീരുമാനം എടുക്കരുത്.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലാണ് പാപഗ്രഹമായ ചൊവ്വയുടെ സഞ്ചാരം.ആയതിനാൽ ഭാഗ്യാനുഭവങ്ങൾ കുറയാനിടയുണ്ട്. കാര്യങ്ങൾ ഒന്നും എളുപ്പത്തിൽ സാധിക്കില്ല. ചെറിയ പ്രശ്നങ്ങൾ ചിലപ്പോൾ വലിയ പ്രശ്നങ്ങളാവാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. രോഗങ്ങൾക്ക് ചികിൽസ വൈകിക്കരുത്. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് ഉപരിവിദ്യാഭ്യാസം സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഉദിക്കാം. ദാമ്പത്യത്തിൽ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ചൊവ്വ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നത് കാര്യതടസ്സങ്ങൾ സൃഷ്ടിക്കാം. സാമ്പത്തികമായി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്. തീരുമാനങ്ങൾ ബുദ്ധിപൂർവ്വം കൈക്കൊള്ളേണ്ട സമയമാണ്. ചീത്ത കൂട്ടുകെട്ടുകളിൽ അകപ്പെടാതെ ശ്രദ്ധിക്കണം. കുടുംബച്ചുമതലകളിൽ വീഴ്ച വരാനിടയുണ്ട്. പുതിയ വാഹനം വാങ്ങാൻ അനുഗുണമായ സമയമല്ല. ബിസിനസ്സിൽ വലിയ തോതിൽ പണം മുടക്കിയുള്ള വിപുലീകരണം നഷ്ടത്തിൽ കലാശിക്കാനിടയുണ്ട്.തൊഴിൽ രംഗത്ത് അധികച്ചുമതലകൾ കൈവരുന്നത് അധ്വാനം കൂട്ടും. സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. സാമ്പത്തികമായി ഞെരുക്കം ഉണ്ടാകും. പ്രണയികൾക്കിടയിൽ പിണക്കം വരാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതയുണ്ടാകും. വിവാഹാലോചനകൾ അവസാന നിമിഷം വേണ്ടെന്ന് വെക്കപ്പെടാം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഭൂമിതർക്കങ്ങൾക്ക് ഇടയുണ്ട്.കൂട്ടുകച്ചവടത്തിൽ നഷ്ടമുണ്ടാകും.
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അവസരം വന്നെത്തിയേക്കും.
മകരക്കൂറ് (ഉത്രാടം 2,3,4 പാദങ്ങ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ആറാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. അതിനാൽ തൊഴിൽ രംഗത്ത് ഉയർച്ചയും ശാന്തതയുണ്ടാകും. അർഹതക്കനുസരിച്ചുള്ള തൊഴിൽ ലഭിക്കാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. വ്യാപാരികൾക്ക് കച്ചവടത്തിൽ വിപുലനം സാധ്യമാവും.മനപ്രയാസങ്ങൾക്ക് പരിഹാരമുണ്ടാവും. കുടുംബ പ്രശ്നങ്ങൾക്ക് സമയോചിതമായി പരിഹാരം കാണുവാനാവും.ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ ഇല്ലാതാകും . രോഗഗ്രസ്തർക്ക് ചികിൽസ ഫലിക്കുന്നതായിരിക്കും.സാമ്പത്തികമായി ഒട്ടൊക്കെ സുസ്ഥിരത ഉണ്ടാവുന്ന കാലമാണ്.
കുംഭക്കൂറ് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നത് സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകും. തൊഴിൽ മേഖലയിൽ അവസരങ്ങൾ നഷ്ടപ്പെടാതെ നോക്കണം. പഠനത്തിൽ ഉദാസീനത പ്രകടിപ്പിക്കും. ഏല്പിച്ച ദൗത്യങ്ങൾ നീട്ടിവെക്കുന്നതിനാൽ മേലധികാരികളുടെ അപ്രീതി നേടും. നിർബന്ധ ബുദ്ധിയും വിട്ടുവീഴ്ചയില്ലായ്മയും കുടുംബത്തിൽ പലതരം പ്രശ്നങ്ങളുണ്ടാക്കും മിത്രങ്ങൾ പോലും ശത്രുക്കളാകും.കരുതി വെച്ചിരുന്ന ധനം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കും. എന്നാൽ ധനകാര്യത്തിൽ ഉൽക്കണ്ഠയുണ്ടാവില്ല. ഗർഭിണികൾ ആരോഗ്യ കാര്യത്തിൽ അതീവശ്രദ്ധയുണ്ടാകണം.മകൻ്റെ ദുശ്ശാഠ്യം വിഷമിപ്പിച്ചേക്കാം.
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
നാലാം ഭാവത്തിലൂടെയുള്ള ചൊവ്വയുടെ സഞ്ചാരം
ഗുണാനുഭവങ്ങൾ കുറയ്ക്കുന്നതാണ്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി വരാം. ഗൃഹനിർമ്മാണത്തിൽ കാലതാമസമുണ്ടാകാം.ആത്മ മിത്രങ്ങളുമായി പിണങ്ങാനിടയുണ്ട്.വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധവേണം. അകാരണമായ മനക്ലേശമുണ്ടാവും. അയൽക്കാരുമായി വിരോധിക്കാനിടയുണ്ട് . ബന്ധുക്കളുടെ തർക്കത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുകയാണ് എന്ന ആരോപണം കുടുംബത്തിൽ നിന്നുതന്നെ ഉയരുന്നതാണ്. ധനപരമായി നേട്ടം കുറയും. നഷ്ടങ്ങൾ സംഭവിക്കാം. ഏതുകാര്യവും ചെയ്യുന്നതിനു മുമ്പ് നന്നായി ആലോചിക്കേണ്ടതാണ്. എടുത്തു ചാടി തീരുമാനമെടുക്കരുത്