വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ട്രംപിന് പുറമേ വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ട്രംപ് അറിയിച്ചതോടെ വേദിയില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് ട്രംപ് പറഞ്ഞു.