നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ

Advertisement

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

അതേസമയം ചെന്താമരയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കൊല്ലപ്പെട്ട സുധാകരന്റെയും മാതാവ് ലക്ഷ്മിയുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് വനത്തിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

ചെന്താമര പോത്തുണ്ടിയിലെ സ്വന്തം വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചെന്താമരയ്ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.

നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്. ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരുന്നില്ല.
തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ൽ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്നതിനിടെ 2022 ൽ കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു.

ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്‌ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

Advertisement