ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തിലേക്ക്. നിലവില്‍ 70 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മറികടന്ന് 48 സീറ്റില്‍ ബിജെപി മുന്നേറുകയാണ്. ആംആദ്മി പാര്‍ട്ടി 22 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടക്കാനായിട്ടില്ല.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം ബിജെപിക്ക് അനകൂലമാണ്.
കെജ്രിവാളിന് തോല്‍വി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്രിവാള്‍ തോറ്റത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുനില്‍കുമാര്‍ യാദവുമായി 21,687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്രിവാള്‍ വിജയിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാംതവണയും രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുകയായിരുന്നു.
അതീഷി ജയിച്ചു
അവസാന നിമിഷം വരെ പിന്നിലായിരുന്ന മുഖ്യമന്ത്രി അതീഷി ജയിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ 2795 വോട്ടിലാണ് അതീഷിയുടെ ജയം.
ജങ്പുരയില്‍ എഎപിയുടെ സ്ഥാനാര്‍ഥി മനീഷ് സിസോദിയ തോറ്റു. 636 വോട്ടുകള്‍ക്കാണ് തോറ്റത്. ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഫര്‍ഹാദ് സൂരിയായിരുന്നു.6551 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത്, 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.