കട്ടക്ക്: നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോമിലേക്ക് മടങ്ങിയെത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. തുടരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരവും ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ ഉറപ്പിച്ചു. ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ പരമ്പര ഇന്ത്യയെ സംബന്ധിച്ചു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 308 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പിച്ചത്.
രോഹിത് ശര്‍മയുടെ സെഞ്ച്വറിയും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ശുഭ്മാന്‍ ഗില്ലിന്റെ മികവും ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും അവസരോചിത ബാറ്റിങും ഇന്ത്യന്‍ ജയം അനായാസമാക്കി.