മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു

Advertisement

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ.


ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. വൈകിട്ട് മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു.
ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.

Advertisement