ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന എമ്പുരനെ ഏറ്റെടുത്ത് ആരാധകർ. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കിയിരിക്കുകയാണ് മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.
ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.
റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.