വാർത്താനോട്ടം

Advertisement

2025 മാർച്ച് 31 തിങ്കൾ

BREAKING NEWS

👉കോഴിക്കോട് നാദാപുരത്ത് കാറിനുള്ളിൽ വെച്ച് പടക്കം പൊട്ടിച്ച് സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസ്സെടുത്തു

👉 ജമ്മുവിലെ കത്വയിൽ ഭീകരരുടെ സാന്നിദ്ധ്യം, സംശയാസ്പദമമായി 3 പേരെ കണ്ടതായി നാട്ടുകാർ

👉ചെറിയ പെരുന്നാൾ: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻ്റുകളിൽ ഇന്ന് രാത്രി 9 മുതൽ നിയന്ത്രണം ഏർപ്പെടുത്തി.

👉 എ എസ് പി ശക്തി സിങ് ആര്യയുടെ പേരിൽ വ്യാജ ഇ മെയിൽ അയച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

👉വഖഫ് ഭേദഗതി: കെ സി ബിസി തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി കിരൺ റിജിജു.

👉വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് പാളയം ഇമാം വിപി ഷൂഹൈബ് മൗലവി

🌴കേരളീയം🌴

🙏 ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികള്‍ മാറുന്നത് ഒഴിവാക്കണമെന്നും മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാന്‍ സ്‌കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

🙏ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച അറസ്റ്റിലായത് 146 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിച്ച് 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

🙏 ഗുണ്ടയുടെ പെണ്‍ സുഹൃത്തിന് സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. യുവതി ഉള്‍പ്പടെ നാലു പേരെയാണ് സംഭവത്തില്‍ പൂച്ചാക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്.

🙏 ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കുടുംബം. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ ആരോപിച്ചു.

🙏 ട്രെയിന്‍ ഇടിച്ചു മരിച്ചയാളുടെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ആലുവയില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് പണം എസ്ഐ എടുത്തത്.

🙏 സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്.

🙏 യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം.

🙏 കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്.

🙏 മലപ്പുറം വേങ്ങരയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.

🙏 വയനാട്ടില്‍ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂര്‍ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളില്‍ ലോറി കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.

🙏 കോഴിക്കോട് വെള്ളിപറമ്പില്‍ പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏ഭൂകമ്പത്തില്‍ പെട്ട് ഉഴലുന്ന മ്യാന്‍മാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷന്‍ ബ്രഹ്‌മയുടെ കീഴില്‍ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാന്‍മാറിലെത്തി. കൂടാതെ 38 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാന്‍മാറിലേക്ക് അയച്ചു.

🙏 ഹിമാചല്‍പ്രദേശിലെ കുളുവിലെ മണികരനില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകള്‍ അതിനിടയില്‍ പെടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

🙏 നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി ആര്‍എസ്എസിനെ രാജ്യപൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന മഹാ ആല്‍മരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും ലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും മോദി വ്യക്തമാക്കി.

🙏 ഹൈദരാബാദില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സര്‍വകലാശാലയിലെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

🙏 ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

🇦🇽 അന്തർദ്ദേശീയം 🇦🇴

🙏 ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. മോചിതരാകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേരു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

🙏 യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 മുതല്‍ 50 ശതമാനം വരെ അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. സമാധാനശ്രമങ്ങള്‍ക്കിടെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ പുട്ടിന്‍ ചോദ്യംചെയ്തതിലുള്ള അമര്‍ഷവും ടെലിവിഷന്‍ ചാനലിനു നല്‍കിയ പ്രതികരണത്തില്‍ ട്രംപ് അറിയിച്ചു.

🙏 മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റാകുമെന്നും മൂന്നാമതും പ്രസിഡന്റായി തുടരുന്നതിനെതിരെയുള്ള ഭരണഘടനാ തടസ്സം നീക്കാനുള്ള മാര്‍ഗം തേടുമെന്നും ഡോണള്‍ഡ് ട്രംപ്. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കുക. ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റ് തുടര്‍ച്ചയായി നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 1951-ല്‍ ഒരു വ്യക്തിയും രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ലെന്ന 22ാം ഭേദഗതി നിര്‍ദേശിച്ചത്.

🏏 കായികം 🏏

🙏 ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 36 പന്തില്‍ 81 റണ്‍സടിച്ച നിധീഷ് റാണയാണ് രാജസ്ഥാന്‍ ഇന്നിങ്സിന് കരുത്തായത്.

🙏 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് ലഭിച്ച് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 163 റണ്‍സിന് എല്ലാവരും പുറത്തായി അതേസമയം ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു.

Advertisement