ടെഹ്റാൻ: വിഖ്യാത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെ (62) ജയിലിലടച്ച് ഇറാൻ. ഭരണകൂടത്തെ വിമർശിച്ചതിന്, 11 വർഷം മുൻപുള്ള കേസിലാണ് പനാഹിയെ ഇപ്പോൾ തുറുങ്കിലടച്ചിരിക്കുന്നത്.
മുമ്പ് വിധിച്ച ആറ് വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയേ മതിയാവൂ എന്നു കോടതി വിധിച്ചതിനെത്തുടർന്നാണു നടപടി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നീ സംവിധായകരെ അടുത്തിടെ ഇറാൻ തടവിലാക്കിയിരുന്നു. ഈ മാസം ഇറാനിൽ തടങ്കലിലാകുന്ന മൂന്നാമത്തെ സംവിധായകനാണ് ജാഫർ പനാഹി.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ചതിന് അറസ്റ്റിലായ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നിവരെ കുറിച്ച് അന്വേഷിക്കാൻ എവിൻ ജയിലിലേക്ക് പോയതിന് പിന്നാലെയാണ് പനാഹിയെ പൊലീസ് തടവിലാക്കിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരിൽ പനാഹിക്ക് 2011ൽ ആറ് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. അന്നു രണ്ട് മാസം മാത്രം തടവിൽ കഴിഞ്ഞശേഷം ഉപാധികളോടെ മോചിപ്പിക്കുകയായിരുന്നുവെന്നും ഇറാൻ നീതിന്യായ വകുപ്പിന്റെ വക്താവ് പറഞ്ഞു.
‘ഒരു പൗരനെന്ന നിലയിൽ ജാഫറിന് ചില അവകാശങ്ങളുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് അതിന്റേതായ നടപടിക്രമങ്ങളുമുണ്ട്. ഒരാളെ ജയിലിലടക്കാൻ ആദ്യം അവർക്ക് സമൺസ് അയക്കണം. എന്നാൽ ജയിലിന് പുറത്ത് പ്രതിഷേധിക്കാനെത്തിയ ഒരാളെ ജയിലിലടയ്ക്കുന്നത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് തട്ടിക്കൊണ്ടുപോകലാണ്’-ജാഫർ പനാഹിയുടെ ഭാര്യ തഹെരെ സഈദി ബി.ബി.സി പേർഷ്യനോട് പറഞ്ഞു.
മേയിൽ അബദാൻ നഗരത്തിലെ 10 നില കെട്ടിടം തകർന്ന് 40ൽ അധികം പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് മുഹമ്മദ് റസൂലോഫിനെയും മൊസ്തഫ അൽ ഇ അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഇരുവരും അശാന്തി ഉണ്ടാക്കുകയും സമൂഹത്തിന്റെ സുരക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് സർക്കാർ ഉയർത്തുന്ന ആരോപണം. ഇവരെ കാണാനാണ് പനാഹി ജയിലിലെത്തിയത്.
അറുപത്തിരണ്ടുകാരനായ പനാഹി ആധുനിക ഇറാനെ വിമർശിച്ച സിനിമകൾ അവതരിപ്പിച്ച് അന്താരാഷ്ട്ര മേളകളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സംവിധായകനാണ്. 2015ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ടാക്സിയെന്ന ചിത്രത്തിന് ഗോൾഡൻ ബിയർ പുരസ്കാരവും 2018ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ത്രീ ഫെയ്‌സിന് മികച്ച തിരക്കഥയ്ക്കുള്ള സമ്മാനവും ലഭിച്ചിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെൻസർഷിപ് എന്നിവയെക്കുറിച്ച് പനാഹി നിർമിച്ച ചലച്ചിത്രങ്ങൾ ഇറാനിയർ സർക്കാറിന് എന്നും തലവേദനയായിരുന്നു. ദ് വൈറ്റ് ബലൂൺ, ദ് സർക്കിൾ, ഓഫ്സൈഡ് എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. 2007ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനായിരുന്നു അദ്ദേഹം.