എലിസബത്ത് രാജ്ഞിയുടെ ഭരണതുടക്കത്തില്‍ പകര്‍ത്തിയ ചിത്രങ്ങളുടെയും രാജ്ഞിയുടെ അക്കാലത്തെ ആഭരണങ്ങളുടെയും പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

Advertisement

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭരണത്തിൻറെ ആരംഭത്തിൽ പകർത്തിയ രാജ്ഞിയുടെ ചിത്രങ്ങളും അക്കാലത്തെ ആഭരണങ്ങളും ഉൾക്കൊള്ളിച്ചുള്ള പ്രദർശനത്തിന് ബക്കിങ്ഹാം കൊട്ടാരത്തിൽ തുടക്കമായി.

രാജ്ഞിയുടെ സിംഹാസനാരോഹണത്തിൻറെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു ‘ദ ക്വീൻസ് അക്സഷൻ’ എന്ന പേരിൽ പ്രദർശനം.

രാജ്ഞി ഏറെക്കാലം ധരിച്ച നിസാം ഓഫ് ഹൈദരാബാദ് നെക്‌ലേസ് ആണു പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയം.‌ 1947ൽ അന്നത്തെ ഹൈദരാബാദ് നിസാമായിരുന്ന അസഫ് ജാഹ് ഏഴാമൻ രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നൽകിയതാണ് ഈ അമ്യൂല്യ നെക്‌ലേസ്.

അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു ഹൈദരാബാദ് നിസാം. വിവാഹസമ്മാനം രാജ്ഞി നേരിട്ടു തിരഞ്ഞെടുക്കണമെന്ന് ആഭരണ നിർമ്മാതാക്കളായ കാർട്ടിയറിന് നിസാം നിർദ്ദേശം നൽകിയിരുന്നു. 300 രത്നങ്ങൾ പതിച്ച ഈ പ്ലാറ്റിനം നെക്‌ലേസ് സെറ്റാണ് എലിസബത്ത് രാജ്ഞി അന്നു തിരഞ്ഞെടുത്തത്.

തൻറെ രാജവാഴ്ചയിൽ ഉടനീളം പല സന്ദർഭങ്ങളിലും രാജ്ഞി ഈ നെക്‌ലേസ് അണിഞ്ഞിട്ടുണ്ട്.