മാനസിക സൗഖ്യ ആപ്പുകള്‍; കെണിയില്‍ കുടുങ്ങരുതേ

Advertisement

ന്യൂഡല്‍ഹി: വീട്ടിനുള്ളിലെ സ്വകാര്യതയില്‍ ഇരുന്ന് തങ്ങളുടെ മാനസിന് സന്തോഷമുമുണ്ടാക്കാന്‍ ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം മുമ്പില്ലാത്ത വിധം ഏറിയിരിക്കുന്നു. എന്നാല്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അത്ര സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ രംഗത്ത് നിന്ന് നമുക്ക് ലഭിക്കുന്നത്.

മാനസിക സൗഖ്യ ആപ്പുകളിലൂടെ നമ്മള്‍ നല്‍കുന്ന നമ്മുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് യാതൊരു പണിയുമില്ലാതെ തന്നെ സ്വന്തമാക്കാനാകും. ഇത്തരത്തില്‍ ഒരു സംഭവം രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലന്‍ഡിലുണ്ടായി. രോഗികളുടെ മുഴുവന്‍ വിവരങ്ങളും ഇവര്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. ഇത് തടയണമെങ്കില്‍ വന്‍തോതില്‍ പണം നല്‍കണമെന്ന ആവശ്യവും ഐടി കമ്പനിയോട് ഉന്നയിച്ചു. രോഗികളുടെ ഫോണ്‍ നമ്പരുകളും ഇമെയില്‍ വിലാസങ്ങളും മാത്രമല്ല ചികിത്സകര്‍ നല്‍കുന്ന കുറിപ്പടികള്‍ പോലും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുമെന്നായിരുന്നു ഭീഷണി.

ഇത്തരം ആപ്പുകള്‍ക്ക് മറ്റ് ആപ്പുകളെക്കാള്‍ സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കുറവാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരം ആപ്പുകളെ ആശ്രയിക്കും മുമ്പ് ഡോക്ടറുമായി നേരിട്ട് ഇടപെടുന്നതാകും നല്ലതെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഇത്തരം ആപ്പുകള്‍ ഓണ്‍ ലൈന്‍ കണ്‍സള്‍ട്ടേഷനും ധ്യാനവും മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനുള്ള ടിപ്പുകളും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ 40 ശതമാനം ആപ്പുകള്‍ മാത്രമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുള്ളൂ എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മാനസിക ആരോഗ്യ ആപ്പുകള്‍ക്കായുള്ള ആഗോള ചെലവ് ഇരുപത് ശതമാനമാണ്. അതായത് 3932 കോടിരൂപ ഇതിനായി ചെലവിടുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ലേതിനേക്കാള്‍ 83 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇത്തരം ആപ്പുകള്‍ക്ക് ഒരു മെഡിക്കല്‍ ബോര്‍ഡിന്റെയും അംഗീകാരമില്ല. ഇതിനാല്‍ തന്നെ ഇതിനെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും നിലവില്‍ ഇല്ല. ഇത് ഏറെ അപകടകരമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement