അന്തരീക്ഷ മലിനീകരണവും കുട്ടികളുടെ മസ്തിഷ്‌ക വികാസവും തമ്മില്‍ അഭേദ്യബന്ധം

Advertisement

അന്തരീക്ഷ മലിനീകരണവും കുട്ടികളുടെ മസ്തിഷ്‌ക വികാസവും തമ്മില്‍ അഭേദ്യബന്ധം
വാഷിംഗ്ടണ്‍: അന്തരീക്ഷ മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുകയെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടിക്കാലത്തെ സ്വഭാവ രൂപീകരണത്തെയും ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നു. ബുദ്ധി സാമര്‍ത്ഥ്യത്തിന്റെ കാര്യത്തിലും ഇതിന് വലിയ പങ്കുണ്ട്.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചും പുറത്ത് വന്ന ശേഷവും അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് അത്രമേല്‍ അപകടകരമാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ആദ്യ ആറ്മാസത്തില്‍ അമിതമായ അളവില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വഭാവത്തില്‍ വളരെയേറെ വൈകല്യങ്ങള്‍ക്ക് ഇടയുണ്ടെന്നാണ് എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് പെഴ്‌സ്‌പെക്ടീവ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പഠനം വ്യക്തമാക്കുന്നത്. രണ്ട് മുതല്‍ നാല് വരെ പ്രായത്തിനിടെ അന്തരീക്ഷത്തിലെ ചെറുമാലിന്യങ്ങള്‍ ധാരാളമായി ശ്വസിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ സ്വഭാവത്തിലും ചില വൈകല്യങ്ങള്‍ പ്രകടമാണെന്ന് പഠനം വ്യക്തമാക്കുന്നു.

സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ പോലുള്ള നഗരങ്ങളില്‍ വാഹനങ്ങള്‍ വളരെ കൂടുതലാണെങ്കിലും അന്തരീക്ഷ മലിനീകരണം താരതമ്യേന കുറവാണ്. എന്നാല്‍ ജനിക്കും മുമ്പുള്ള നൈട്രജന്‍ ഡൈ ഓക്‌സൈഡ് ഉപഭോഗം മൂലം ചില സ്വഭാവ വൈകല്യങ്ങള്‍ കണ്ടു വരുന്നുണ്ടെന്ന് പഠനത്തിന നേതൃത്വം നല്‍കിയ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹൈല്‍ത്ത് സയന്‍സ് വകുപ്പ് പോസ്റ്റല്‍ ഡോക്ടറല്‍ സ്‌കോളര്‍ യുനി പറഞ്ഞു. മെംഫിസ്, ടെന്നസി, മിന്നാപോളിസ്, റോച്ചസ്റ്റര്‍, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, തുടങ്ങിയ ആറ് നഗരങ്ങളിലും സീയാറ്റില്‍, യാക്കിമ എന്നീ നഗരങ്ങളിലെയും 1967 അമ്മമാരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

അമ്മയുടെ ശ്വാസത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങള്‍ പ്ലാസന്റ വഴി കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയെ ബാധിക്കുന്നു. ഒരു കുഞ്ഞ് ജനിച്ച ശേഷം ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ മസ്തിഷ്‌ക വികാസത്തിന്റേതാണ്. ഈ സമയത്ത് മസ്തിഷ്‌ക വളര്‍ച്ച പ്രായപൂര്‍ത്തിയാകുന്ന സമയത്തേതിലെ 90 ശതമാനവും പൂര്‍ത്തിയാകുന്നു. കുട്ടിക്കാലത്ത് ശ്വസനം വഴി ഉള്ളില്‍ എത്തിച്ചേരുന്ന മാലിന്യങ്ങള്‍ കേന്ദ്ര നാഢീവ്യൂഹത്തെ ബാധിക്കുന്നുവെന്നും ഇത് ഇവരുടെ സ്വഭാവ വൈകല്യങ്ങളിലേക്ക് നയിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.