ന്യൂഡൽഹി: പാകിസ്ഥാൻ പെൺകുട്ടിയുടെ 90 ഡിഗ്രി വളഞ്ഞ കഴുത്ത് വിജയകരമായ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് നേരെയാക്കി ഇന്ത്യൻ ഡോക്ടർ.10 മാസം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈകളിൽ നിന്ന് വീണുണ്ടായ നിർഭാഗ്യകരമായ അപകടത്തെത്തുടർന്നാണ് അശ്ഫീൻ ഗുൽ എന്ന 13കാരിയുടെ കഴുത്ത് വളഞ്ഞത്. ഡൽഹിയിലെ അപോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലൻ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നതെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
തികച്ചും സൗജന്യമായാണ് നാല് പ്രധാന ശസ്ത്രക്രിയകൾ നടത്തി അപൂർവവമായ ‘മസ്കുലർ റൊടേറ്ററി’ എന്ന അവസ്ഥ മാറ്റിയത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഗുൽ, ശരിയായ ചികിത്സ ലഭിക്കാതെ 12 വർഷമായി കഷ്ടപ്പെടുകയായിരുന്നു. സ്‌കൂളിൽ പോകാനോ സുഹൃത്തുക്കളെ നേടാനോ അവൾക്ക് കഴിഞ്ഞില്ല. ഭക്ഷണം കഴിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും പെൺകുട്ടിക്ക് ബുദ്ധിമുട്ടായിരുന്നു. കൂടാതെ സെറിബ്രൽ പാൾസിയും ഉള്ളത് പഠനത്തെ ബാധിച്ചതിനാൽ കഷ്ടപ്പാടുകൾ ഇരട്ടിയായി.
ഗുലിന്റെ മാതാപിതാക്കൾ നേരത്തെ ചികിത്സകൾ നടത്തിയിരുന്നെങ്കിലും തുടർചികിത്സകൾ താങ്ങാൻ കുടുംബത്തിനായില്ല. അതേസമയം ബ്രിടീഷ് മാധ്യമ പ്രവർത്തകൻ അലക്സാണ്ട്രിയ തോമസ് പെൺകുട്ടിയുടെ കഥ എഴുതുകയും സൗജന്യമായി ശസ്ത്രക്രിയ നടത്താൻ സന്നദ്ധത അറിയിച്ച ഡോ. കൃഷ്ണനുമായി കുടുംബത്തെ ബന്ധപ്പെടുത്തുകയും ചെയ്തതോടെയാണ് വഴിത്തിരിവുണ്ടായത്. ‘ഡോക്ടർ എന്റെ സഹോദരിയുടെ ജീവൻ രക്ഷിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് അദ്ദേഹം ഒരു മാലാഖയാണ്’,
ഗുലിന്റെ സഹോദരൻ യഅകൂബ് കുമ്പാർ പറഞ്ഞു,
ചികിത്സയ്ക്കായി 2021 നവംബറിലാണ് പെൺകുട്ടിയുടെ കുടുംബം ഇന്ത്യയിലെത്തിയത്. തുടർന്ന് ഓൺലൈൻ ധനസമാഹരണത്തിന്റെ സഹായത്തോടെയാണ് ഗുലിന്റെ ശസ്ത്രക്രിയകൾ നടന്നത്. ‘ഓപ്പറേഷൻ സമയത്ത് അവളുടെ ഹൃദയമോ ശ്വാസകോശമോ നിലയ്ക്കുമെന്ന് ഡോക്ടർ കൃഷ്ണൻ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പരിശ്രമവും മേൽനോട്ടവും കാരണം ശസ്ത്രക്രിയ വിജയകരമായിരുന്നു’, സഹോദരൻ കൂട്ടിച്ചേർത്തു.
ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ പെൺകുട്ടി അധികകാലം ജീവിക്കില്ലായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം കൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരുപക്ഷേ ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും ഈ കേസെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. കൃഷ്ണൻ എല്ലാ ആഴ്ചയും സ്കൈപ് വഴി അശ്ഫീനെ പരിശോധിക്കും.