ഇസ്ലാമാബാദ് : പാകിസ്ഥാൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. ഇസ്ലാമാബാദിലെ പിഎഎഫ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്.
15000 ഫയലുകളിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി പ്രതിരോധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതെങ്കിലും നാണക്കേട് ഭയന്ന് പാകിസ്ഥാൻ സംഭവം മൂടിവയ്ക്കുകയായിരുന്നു. ഹാക്ക് ചെയ്ത പാകിസ്ഥാൻ സൈനിക സംവിധാനങ്ങളിലേക്ക് ചാര സോഫ്റ്റുവെയറുകൾ സ്ഥാപിച്ച് ഫയലുകൾ ഉൾപ്പെടെയുള്ള രേഖകൾ കടത്തുകയായിരുന്നു.
സൈന്യത്തിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, സൈനിക ആശയവിനിമയം, ആണവ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് ചോർന്നത്. പ്രതിരോധ ഓഫീസുകൾ അയച്ച കത്തിടപാടുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർന്ന രേഖയിലുണ്ട്. കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാൻ നാവിക സേനയുടെ നെറ്റ്വർക്കിലും സമാനമായ സൈബർ ആക്രമണം നടന്നിരുന്നു. ചൈനീസ് പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെയും സൈബർ ആക്രമണം അടുത്തിടെ നടന്നിരുന്നു.