വാട്‌സ്‌ആപ്പ് ഉപയോഗിക്കാൻ ഇനി മാസവരി നൽകേണ്ടി വന്നേക്കും

Advertisement

ന്യൂയോർക്ക്: ജനപ്രിയ മെസേജിംഗ് സേവനമായ വാട്‌സ്‌ആപ്പ് ഉപയോഗിക്കാൻ ഇനി മാസവരി നൽകേണ്ടി വന്നേക്കും.
ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ആപ്പ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഫെയ്സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വാട്സാപ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നു എന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഷോർട്ട് വീഡിയോ സേവനമായ ടിക്ടോക്കിന്റെ ആഗോള മുന്നേറ്റവും കമ്പനിക്ക് ഭീഷണിയായിട്ടുണ്ട്. വാട്‌സ്‌ആപ്പിൽ നിന്നുള്ള വരുമാനവും കുത്തനെ കുറയുന്നതും കമ്പനിയെ ആശങ്കയിലാക്കിയിട്ടുണ്ട്. 2014ൽ 1900 കോടി ഡോളറിനാണ് കമ്പനി വാട്‌സ്‌ആപ്പ് സ്വന്തമാക്കിയത്. ഏറ്റെടുത്തിട്ട് എട്ട് വർഷം പിന്നിട്ടിട്ടും വാട്‌സ്‌ആപ്പിനെ ലാഭത്തിലാക്കാൻ ഫെയ്‌സ്ബുക്കിന് സാധിച്ചിട്ടില്ലെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

എൻഡു എൻഡ് എൻക്രിപ്റ്റഡ് സേവനമായി 2009ൽ തുടങ്ങിയ വാട്‌സ്‌ആപ്പ് തുടക്കത്തിൽ മാസവരി ഏർപ്പെടുത്തിയിരുന്നു. മാസത്തിൽ 90 സെന്റ്‌സ് ആയിരുന്നു നൽകേണ്ടിയിരുന്നത്. ആപ്പിൽ പരസ്യങ്ങൾ വേണ്ടെന്ന നിലപാടിനെ തുടർന്നായിരുന്നു ഈ തീരുമാനം. ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോളും പരസ്യം നൽകാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു എന്നാൽ 2020ൽ ഈ തീരുമാനത്തിൽ നിന്നും പിന്മാറി. പകരം ബിസിനസ് വേർഷനുകൾ അവതരിപ്പിച്ച്‌ മുന്നോട്ട് പോവുകയായിരുന്നു. മെറ്റാ കമ്പനിയിൽനിന്ന് വാട്സാപ് മാത്രമല്ല ഇൻസ്റ്റഗ്രാമും വിറ്റഴിപ്പിക്കാനുള്ള നീക്കങ്ങളാണ് എഫ്ടിസി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏതു കമ്പനി ഏറ്റെടുത്താലും ഉപയോഗത്തിന് വരിസംഖ്യ ഏർപ്പെടുത്താൻ തന്നെയാണ് സാധ്യത. വരിസംഖ്യ ഏർപ്പെടുത്തിയാൽ ഇന്ത്യ പോലെ കൂടുതൽ ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ എത്ര പേർ തുടർന്നും വാട്‌സ്‌ആപ്പ് സേവനങ്ങൾ ഉപയോഗിക്കുമെന്ന് കണ്ടറിയണം.

Advertisement