എരുമയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സിംഹങ്ങള്‍, സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ എല്ലാവഴികളും പരീക്ഷിച്ച് പാകിസ്താന്‍

Advertisement

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ എല്ലാവഴികളും പരീക്ഷിച്ച് പാകിസ്താന്‍. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താന്‍ കറന്‍സി എത്തിയതോടെ വരുമാനം കണ്ടെത്താന്‍ പുതുവഴികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.

ചെലവ് കുറയ്ക്കാന്‍ ചായ കുടി കുറയ്ക്കാന്‍ വരെ ജനങ്ങളോട് ആവശ്യപ്പെട്ട സര്‍ക്കാരിന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.

കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന രാജ്യത്തിന് മൃഗശാലകളിലും സംരക്ഷണ കേന്ദ്രങ്ങളിലും വളര്‍ത്തുന്ന മൃഗങ്ങളെ പരിപാലിക്കാനുള്ള പണം പോലും നീക്കി വെക്കാനാവുന്നില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മൃഗങ്ങളെ പരിപാലിക്കാന്‍ ചെലവ് താങ്ങാനാവാതെ വന്നതോടെ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താനൊരുങ്ങുകയാണ് മൃഗശാലകള്‍. ലോഹോര്‍ സഫാരി മൃഗശാല അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഭീമമായ തുക നല്‍കി സിംഹങ്ങളെ വാങ്ങാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ അധികൃതര്‍ 1,50,000 രൂപയ്ക്ക് വരെയാണ് സിംഹങ്ങളെ വില്‍ക്കുന്നത്.

എരുമയ്ക്കും പോത്തിനും വരെ 2,50,000 രൂപയിലധികം ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുമ്‌ബോഴാണ് സിംഹങ്ങളെ കുറഞ്ഞ തുകയ്ക്ക് പാക് സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.മുതിര്‍ന്ന ഒരു സിംഹവും മൂന്ന് സിംഹക്കുട്ടികളുമാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

സ്വകാര്യ വ്യക്തികള്‍ക്കോ മൃഗസംരക്ഷകര്‍ക്കോ സിംഹങ്ങളെ വാങ്ങാന്‍ അനുവാദമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് സ്ഥലപരിമിതിയുണ്ടെന്ന പേരില്‍ 14 സിംഹങ്ങളെ മൃഗശാലയില്‍ നിന്ന് വിറ്റിരുന്നു.

Advertisement