നിയന്ത്രണം നഷ്ടമായി; ചൈന വിക്ഷേപിച്ച കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാം

Advertisement

ഹോങ്കോംഗ് : ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച ചൈനയുടെ കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ ഭൂമിയിലേക്ക് പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം.

റോക്കറ്റിന്റെ കൃത്യമായ പാത നിരീക്ഷിക്കുന്നുണ്ടെങ്കിലും എവിടെ പതിക്കുമെന്ന് ആർക്കും പ്രവചിക്കാനായിട്ടില്ല. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലേക്ക് പതിച്ചാൽ വലിയ അപകടത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വെന്റിയൻ ലബോറട്ടറി മൊഡ്യൂൾ വഹിച്ച 23 ടൺ ലോംഗ് മാർച്ച്‌ 5 ബി റോക്കറ്റ് ജൂലൈ 24 നാണ് ചൈനയുടെ ഹൈനാൻ ദ്വീപിൽ നിന്ന് പറന്നുയർന്നത്. മൊഡ്യൂൾ വിജയകരമായി ചൈനയുടെ പരിക്രമണ ഔട്ട്‌പോസ്റ്റിൽ ഡോക്ക് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ നിയന്ത്രണം ചൈനയ്‌ക്ക് നഷ്ടമായെന്നാണ് സൂചന. ഇതോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി എന്നാണ് യുഎസ് സ്പേസ് കമാൻറ് സൂചന നൽകുന്നത്.

റോക്കറ്റിന്റെ ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നാണ് ഇക്കാര്യം സംബന്ധിച്ച്‌ ചൈനിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ദൗത്യം പൂർത്തിയാകുമ്പോൾ റോക്കറ്റിന്റെ മിക്ക ഘടകങ്ങളും നശിക്കുമെന്നും അത് ഭൂമിയിലേക്ക് പതിക്കുമ്പോൾ അപകട സാധ്യത കുറവാണെന്നുമാണ് മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

ബഹിരാകാശ അവശിഷ്ടങ്ങൾ ശരിയായ രീതിയിലല്ല ചൈന കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെയും ആരോപണം ഉയർന്നിരുന്നു.വിക്ഷേപണം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചൈനയുടെ മറ്റൊരു റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലദ്വീപിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
“ഇതൊരു 20 ടൺ ഭാരമുള്ള ലോഹവസ്തുവാണ്. അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ അത് തകരും, അതിന്റെ വിവിധ ഭാഗങ്ങൾ ഭൂമിയിലേക്ക് പതിക്കും. എന്നാൽ ബഹിരാകാശ അവശിഷ്ടങ്ങളിൽ നിന്ന് അപകട സാധ്യത കുറവായിരിക്കും എന്നാണ് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ബയേഴ്സ് വ്യക്തമാക്കുന്നത്.

അതേ സമയം വലിയ ഭാഗങ്ങൾ ഭൂമിയിലെ ജനവാസമേഖലയിൽ പതിച്ചാൽ അപകട സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി സമുദ്രങ്ങളിലെ വിദൂര ഭാഗത്താണ് ഇവ നിയന്ത്രണവിധേയമായി പതിപ്പിക്കുന്നത്. ഇങ്ങനെ ചെയ്താൽ അപകട സാധ്യത പൂർണ്ണമായും ഒഴിവാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭൂമധ്യരേഖയുടെ 41 ഡിഗ്രി തെക്ക് അക്ഷാംശത്തിനും 41 ഡിഗ്രി വടക്ക് അക്ഷാംശത്തിനും ഇടയിലാണ് റോക്കറ്റിന്റെ റീ-എൻട്രി സോൺ ഭൂമിശാസ്ത്രപരമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ അവശിഷ്ട ഓഫീസ് മേധാവി ഹോൾഗർ ക്രാഗ് പറഞ്ഞു.ഓഗസ്റ്റ് ഒന്നോടെ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയിലേക്ക് പതിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത് കൃത്യമായി പ്രവചിക്കാനാവില്ല.

റോക്കറ്റ് വിക്ഷേപണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നാണ് നാസയുടെ പരാമർശം. ബഹിരാകാശ യാത്ര നടത്തുന്നവർക്കും ഭൂമിയിലെ ജനവാസ മേഖലയ്‌ക്കും ഇത് അപകടമുണ്ടാക്കും. നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. എന്നാൽ യുഎസ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. യുഎസ് ശാസ്ത്രജ്ഞരും നാസയും “അവരുടെ മനഃസാക്ഷിക്ക് വിരുദ്ധമായി” പ്രവർത്തിക്കുന്നുവെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ .