ടൊറന്റോ: കാനഡയിലെ കാല്‍ഗറി മൃഗശാലയില്‍ നിന്നൊരു ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമ്മ ഗൊറില്ല അഭിമാന പുരസരം തന്റെ കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് കാട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളാണിവ.
അമ്മ കുഞ്ഞിനെ എടുത്ത് ലാളിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നു. പിന്നെ കുഞ്ഞിനെ ഉയര്‍ത്തി സന്ദര്‍ശകരെ കാട്ടുകയും ചെയ്യുന്നുണ്ട്.
കുഞ്ഞിനെ കാട്ടിയതില്‍ ഒരു സ്ത്രീ നന്ദി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ ഏറെ താത്പര്യത്തോടെ ഈ സ്‌നേഹ പ്രകടനങ്ങള്‍ വീക്ഷിക്കുന്നുമുണ്ട്. കാല്‍ഗറി മൃഗശാലയില്‍ അഭിമാനപൂര്‍വ്വം അമ്മ കുഞ്ഞിനെ കാട്ടുന്നു എന്ന തലക്കെട്ടോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പല കമന്റുകളും ഇതിനടിയില്‍ വരുന്നുണ്ട്. ചിലര്‍ ഈ മൃഗങ്ങളെ മൃഗശാലയില്‍ അടച്ചിട്ടിരിക്കുന്നതില്‍ സങ്കടം പങ്കുവയ്ക്കുന്നു. മൃഗങ്ങളെ കാട്ടില്‍ വിടണമെന്നാണ് അവര്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ വന്യമൃഗങ്ങള്‍ മൃഗശാലകളില്‍ ആണ് സുരക്ഷിതര്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. ഇവ കാട്ടിലാണെങ്കില്‍ വേട്ടക്കാര്‍ ഇവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മൃഗശാലകള്‍ ഇല്ലായിരുന്നെങ്കില്‍ കാലിഫോര്‍ണിയയിലെ കഴുകന്‍മാരും ചുവന്ന ചെന്നായ്ക്കളും മാന്‍ വര്‍ഗത്തില്‍ പെടുന്ന ഒറിക്‌സുകളും ഹെല്‍ബെന്‍ഡേഴ്‌സുകളും ഒക്കാപ്പികളും മറ്റും വംശനാശം വന്നേനെ എന്നും കുറിച്ചിട്ടുണ്ട്.
മനുഷ്യനെക്കാള്‍ അമൂല്യരാണ് വന്യമൃഗങ്ങള്‍ എന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. ഈ കാഴ്ച മൂലം തങ്ങള്‍ ഇന്ന് ധന്യരായെന്നും ചിലര്‍ കുറിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലേറെ പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.
കഴിഞ്ഞ കൊല്ലവും ഇത്തരത്തില്‍ ഒരു അമ്മയും കുഞ്ഞും വീഡിയോ വൈറലായിരുന്നു അമ്മ ഗൊറില്ല ഏറെ ആയാസപ്പെട്ട് ഒരു കുഞ്ഞിനെ കുളിപ്പി്കകുന്നതായിരുന്നു അത്. എന്നിട്ടും അവള്‍ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയില്ല. ഇങ്ങനെയാണ് അമ്മമാര്‍ തങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കാന്‍ ശീലിക്കുന്നത്. മറ്റൊരാള്‍ക്കും ഇങ്ങനെ നിങ്ങളെ കുളിപ്പിക്കാനാകില്ല.