ന്യൂഡൽഹി: ഗൂഗിളിന്റെ അഡ്വാവൻസ്ഡ് മാപ്പ്സ് ആപ്പായ ഗൂഗിൾ സ്ട്രീറ്റ് ഇന്ത്യയിലും ലഭ്യമായി തുടങ്ങി. ആദ്യഘട്ടത്തിൽ പ്രധാനപ്പെട്ട 10 നഗരങ്ങളിലാണ് ഗൂഗിൾ സ്ട്രീറ്റ് ലഭ്യമായിത്തുടങ്ങുക.
നിലവിൽ പരീക്ഷണാർഥം ബാംഗ്ലൂർ നഗരത്തിൽ ഗൂഗിൾ സ്ട്രീറ്റ് ലഭ്യമാണ്. അടുത്ത ആഴ്ചകളിൽ തന്നെ ഹൈദരാബാദിലും കൊൽക്കത്തയിലും സ്ട്രീറ്റ് സംവിധാനം ലഭ്യമാകും. പിന്നീട് ചെന്നൈ, ഡൽഹി, മുംബൈ, പൂനെ, നാസിക്, വഡോദര, അഹമദ്നഗർ, അമൃത്സർ എന്നീ നഗരങ്ങളിലും ഉടൻ ലഭ്യമാകും. ആദ്യഘട്ടത്തിൽ കേരളത്തിലെ നഗരങ്ങളൊന്നുമില്ല.
നഗരങ്ങളുടേയും പ്രധാനപ്പെട്ട സ്ഥലങ്ങളുടേയും ടൂറിസ്റ്റ് സ്പോട്ടുകളുടേയും 360 ഡിഗ്രി വ്യൂ മികച്ച ദൃശ്യമികവോടെ ലഭ്യമാകുന്ന ആപ്പാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഉപഗ്രഹ ചിത്രങ്ങളുടേയും മറ്റു ചിത്രങ്ങളുടേയും സഹായം ഉപയോഗിച്ചാണ് സ്ട്രീറ്റ് വ്യൂ ഗൂഗിൾ തയാറാക്കുന്നത്. ലോകത്താകമാനം ഗൂഗിൾ സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്ത്യയിൽ സർക്കാർ ഇത് നിരോധിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അന്ന് ഗൂഗിൾ സ്ട്രീറ്റ് വ്യൂ അനുവദിക്കാതിരുന്നത്.
എന്നാൽ 2021 ൽ നിലവിൽ വന്ന പുതിയ നാഷണൽ ജിയോസ്പേഷ്യൽ പോളിസി പ്രകാരം തദ്ദേശീയമായ കമ്പനികൾക്ക് ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ച് വിദേശ കമ്പനികൾക്ക് നൽകാൻ സാധിക്കും. ഈ സാധ്യത ഉപയോഗിച്ചാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇപ്പോൾ ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്. അതുപ്രകാരം ജെനെസിസ് ഇന്റർനാഷണൽ, ടെക് മഹീന്ദ്ര എന്നിവയുമായാണ് ചേർന്നാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ പ്രവർത്തിക്കുക.
ആദ്യഘട്ടത്തിൽ 10 നഗരങ്ങളിലായി 1.50 ലക്ഷം കിലോമീറ്ററുകൾ സ്ട്രീറ്റ് വ്യൂവിന്റെ പരിധിയിൽ വരും. ഈ വർഷം അവസാനത്തോടെ 50 നഗരങ്ങളിലെ 7 ലക്ഷം കിലോമീറ്ററുകൾ ഇതിൽ ഉൾപ്പെടുത്തും