ന്യൂയോര്‍ക്ക്: വാനരവസൂരി വ്യാപകമായതോടെ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതര്‍. രോഗത്തിന്റെ പ്രഭവ കേന്ദ്രം നഗരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട.
നഗരത്തില്‍ 1,50,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മേയര്‍ എറിക് ആഡംസും ആരോഗ്യ കമ്മീഷണര്‍ അശ്വിന്‍ വസാനും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ രോഗവ്യാപനം തടയാനായി അധികൃതര്‍ക്ക് അടിയന്തര ഉത്തരവുകളിറക്കാനും പിന്‍വലിക്കാനും സാധിക്കും.
കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ തന്നെ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ 23ന് ലോകാരോഗ്യ സംഘടനവാനരവസൂരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. മധ്യ -പശ്ചിമ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടു വന്നിരുന്ന ഒരു രോഗമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ 80 ഓളം രാജ്യങ്ങളില്‍ ഇത് കണ്ടെത്തിക്കഴിഞ്ഞു. ആഫ്രിക്കയില്‍ മാത്രം 75 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൈജീരിയയിലും കോംഗോയിലുമാണ് ഇവയിലേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രസിലിലും സ്‌പെയിനിലും വാനരവസൂരിയെന്ന് സംശയിക്കുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചര്‍മ്മവുമായുള്ള ബന്ധത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ാെരേ കിടക്കയില്‍ കിടക്കുന്നവര്‍ക്കും ടൗവ്വലുകളും വസ്ത്രങ്ങളും പങ്കുവയ്ക്കുന്നവര്‍ക്കും രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍മാരിലാണ് നേരത്തെ രോഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ ആര്‍ക്കുവേണമെങ്കിലും രോഗമുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.