ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും വൻതുക സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്

Advertisement

ലണ്ടൻ : ആഗോള ഭീകരൻ അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്ന് ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന പത്ത് ലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ടുകൾ.

ദി പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ടിലേക്കാണ് ഈ തുക എത്തിയത്. രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരുടെ എതിർപ്പ് അവഗണിച്ചാണ് പണം സ്വീകരിച്ചതെന്നും വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമം അവകാശപ്പെടുന്നു. എന്നാൽ, ഈ റിപ്പോർട്ട് കൊട്ടാരം അധികൃതർ തള്ളി. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ഫൗണ്ടേഷന്റെ ട്രസ്റ്റികൾ മാത്രമാണ് എടുത്തതെന്ന് അവർ വ്യക്തമാക്കി.

അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം യുഎസ് പ്രത്യേക സേന വധിച്ചിരുന്നു. ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം 2013 ൽ ലണ്ടനിൽ വച്ച്‌ ചാൾസ് രാജകുമാരൻ ഒസാമയുടെ അർദ്ധസഹോദരൻ ബക്കർ ബിൻ ലാദനെയും സഹോദരൻ ഷഫീഖിനെയും കണ്ടതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. യെമനിയിൽ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിൻ അവദ് ബിൻ ലാദൻ വഴിയാണ് ഇവർ ലാദനുമായി ബന്ധപ്പെടുന്നത് എന്നാൽ ബക്കർ ബിൻ ലാദനെയും സഹോദരൻ ഷഫീഖിനും തീവ്രവാദ പ്രവർത്തനങ്ങളിൽ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

സർക്കാരുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ച്‌ കൃത്യമായ ജാഗ്രത പുലർത്തിയാണ് തുക കൈപ്പറ്റിയതെന്നും സംഭാവന സ്വീകരിക്കാനുള്ള തീരുമാനം പൂർണ്ണമായും ട്രസ്റ്റികളാണ് എടുത്തതെന്നും, പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യതയില്ലാത്തതുമാണെന്നും ചാൾസ് രാജകുമാരനുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 1979ലാണ് പ്രിൻസ് ഓഫ് വെയിൽസിന്റെ ചാരിറ്റബിൾ ഫണ്ട് സ്ഥാപിതമായത്.