ഹിറ്റ്‌ലറിന്റെ സ്വര്‍ണവാച്ച് ലേലത്തില്‍ വിറ്റു, വിലകേട്ടാല്‍ ഞെട്ടും

Advertisement


വാഷിംഗ്ടണ്‍: ഹിറ്റ്‌ലറിന്റേതെന്ന് കരുതുന്ന വാച്ച് ലേലത്തില്‍ വിറ്റു. അജ്ഞാതനായ വ്യക്തിയാണ് വന്‍ വില കൊടുത്ത് ഈ വാച്ച് സ്വന്തമാക്കിയിരിക്കുന്നത്. 11 ലക്ഷം ഡോളറാണ് വാച്ചിന് ലഭിച്ചത്. 

ഹ്യുമര്‍ വാച്ചാണ് ഇത്. ഇതില്‍ സ്വസ്തിക ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ എയും എച്ചും ഉണ്ട്. അലക്‌സാണ്ടര്‍ ചരിത്ര മ്യൂസിയമാണ് ഹിറ്റ്‌ലറിന്റെ വാച്ച് ലേലം ചെയ്തത്. ഡയലിന്റെ മറുപുറം പൂര്‍ണമായും സ്വര്‍ണമാണ്. 1933 ഏപ്രില്‍ 20ന് ഹിറ്റ്‌ലറിന്റെ 44ാം ജന്മദിനത്തില്‍ സമ്മാനിക്കപ്പെട്ട വാച്ചാണിതെന്ന് കരുതപ്പെടുന്നു. ജര്‍മ്മനിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബഹുമതി ലഭിക്കുന്നതെന്ന് ലേലഹൗസ് വ്യക്തമാക്കി. 

ഈ വാച്ചില്‍ മൂന്ന് നിര്‍ണായക ദിനങ്ങളുമുണ്ട്. ഹിറ്റ്‌ലറിന്റെ ജന്മദിനം, ഹിറ്റ്‌ലര്‍ ചാന്‍സലറായ ദിനം,1933 മാര്‍ച്ചില്‍ നാസിപാര്‍ട്ടി തെരഞ്ഞെടുപ്പ് ജയിച്ച ദിനം എന്നിവയാണവ. ഈ വാച്ച് ഒരു സുവനീര്‍ പോലെയാണെന്നും ലേല ഹൗസ് പറയുന്നു. 1945 മെയില്‍ ഹിറ്റ്‌ലറിന്റെ മൗണ്ടയ്ന്‍ റിട്രീറ്റ് ആയ ബെര്‍ഘോഫിലേക്ക് 30 ഫ്രഞ്ച് സൈനികര്‍ ഇരച്ചെത്തിയതിന് പിന്നാലെയാണ് ഈ വാച്ച് വിറ്റതെന്നാണ് കരുതുന്നത്. പിന്നീട് ഇതുവരെ നിരവധി തലമുറകള്‍ കൈമാറിയിട്ടുണ്ടെന്നും കരുതുന്നു.

Advertisement