ബ്രിട്ടീഷ് പ്രധാനമന്ത്രിപദം: ഇന്ത്യൻ വംശജനായ റിഷി സുനകിൻറെ സാധ്യത മങ്ങി; ലിസ് ട്രസിന് 90 ശതമാനം വിജയസാധ്യത

Advertisement

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള പുതിയ വിജയസാധ്യതാപ്രവചനങ്ങളിൽ റിഷി സുനകിനുള്ള സാധ്യത മങ്ങി. സാധ്യതാപ്രവചനം നടത്തുന്ന സ്മാർകെറ്റ്സിൻറെ ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച്‌ ഇന്ത്യൻ വംശജനായ റിഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വെറും 9.09 ശതമാനമായി. അതേ സമയം ബ്രിട്ടീഷ് വംശജയും റിഷി സുനകിൻറെ എതിരാളിയുമായ ലിസ് ട്രസിന് ഇപ്പോൾ 90.91 ശതമാനം വിജയസാധ്യതയാണ് സ്മാർകെറ്റ്സ് പഠനങ്ങൾ പ്രവചിക്കുന്നത്.

ഇതിന് പുറമെ റിഷി സുനക് ഒഴികെ ആരും പ്രധാനമന്ത്രിയായിക്കൊള്ളട്ടെ എന്നാണ് മുൻപ്രധാനമന്ത്രി ബോറിസ് ജോൺസൻറെ തീരുമാനമെന്ന് ബ്രിട്ടനിലെ ചില പത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബോറിസ് ജോൺസണുമായി ബന്ധപ്പെട്ട ലോബി ലിസ് ട്രസിന് വേണ്ടി ശക്തമായി ചരടുവലിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ആദ്യ റൗണ്ടുകളിൽ റിഷി സുനകിനായിരുന്നു സാധ്യത പ്രവചിച്ചിരുന്നത്. എന്നാൽ റൗണ്ടുകൾ പിന്നിടുന്തോറും റിഷി സുനകിനുള്ള പിന്തുണ ദുർബ്ബലമാവുകയായിരുന്നു. ബോറിസ് ജോൺസണെ അധികാരഭ്രഷ്ടനാക്കാൻ റിഷി സുനക് പിന്നിൽ നിന്നും കുത്തിയെന്ന ഒരു ധാരണ ടോറി പാർട്ടിക്കാർക്കിടയിൽ ഉള്ളതും ലിസ് ട്രസിൻറെ സാധ്യത വർധിപ്പിക്കുകയാണ്.
വംശീയത കൊടികുത്തി വാഴുന്ന ബ്രിട്ടനിൽ ഒരു ഇന്ത്യാക്കാരൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വളരെ വിരളമാണെന്ന് ഇന്ത്യയിലെ ചില മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു.

യുകെയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരത്തിലുള്ള ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനുമായ റിഷി സുനക് വിജയിച്ചേക്കുമെന്ന് ചിലർ പ്രതീക്ഷ പുലർത്തിയപ്പോഴാണ് യുകെയിലെ വംശീയതയും ചർച്ചാ വിഷയമായത്.

Advertisement