നാസ ചൊവ്വയിലേക്ക് കൂടുതൽ ഹെലിക്കോപ്റ്ററുകൾ അയക്കും : ചൊവ്വയിലെ പാറകൾ ഭൂമിയിലെത്തും

Advertisement

ന്യൂയോർക്ക്: പെർസിവിയറൻസ് റോവറിനൊപ്പം നാസ അയച്ച ഇൻജെനുയിറ്റി ഹെലികോപ്റ്ററിന്റെ പ്രവർത്തനം വലിയ വിജയമായിരുന്നു.

ചൊവ്വയുടെ മണ്ണിലൂടെ സഞ്ചരിച്ചൂള്ള നിരീക്ഷണത്തിന് പുറമെ അന്തരീക്ഷത്തിലേക്ക് പറന്നുയർന്നുള്ള നിരീക്ഷണത്തിന് ഈ ഹെലികോപ്റ്റർ സഹായകമായി.

ഇപ്പോഴിതാ ഇൻജെനുയിറ്റി ഹെലിക്കോപ്റ്ററിന് സമാനമായ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂടി ചൊവ്വയിലേക്ക് അയക്കാനൊരുങ്ങുകയാണ് നാസ. എന്നാൽ ഇൻജെനുയിറ്റി ‘മാർസ് കോപ്റ്ററിൽ’ നിന്ന് വ്യത്യസ്തമായി ചൊവ്വയിലെ പാറകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച്‌ ഒരിടത്ത് നിന്ന് മറ്റൊരിടത്ത് എത്തിക്കാനുള്ള ശേഷിയും പുതിയ മാർസ് കോപ്റ്ററുകൾക്കുണ്ടാവും. ആമസോൺ ഉൽപന്നങ്ങളുടെ ഡെലിവറിക്കായി നിർമിക്കുന്ന ഡെലിവറി ഡ്രോണുകൾക്ക് സമാനമാണിത്.

യൂറോപ്യൻ യൂണിയനുമായി ചേർന്ന് ചൊവ്വയിൽ നിന്നുള്ള പാറക്കഷ്ണങ്ങൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ മാർസ്‌കോപ്റ്ററുകൾ ഉപയോഗിക്കുക.

ചൊവ്വയിൽ ഒരു കാലത്ത് നദിയുണ്ടായിരുന്നുവെന്ന് കരുതുന്ന ജസെറോ ഗർത്ത മേഖലയിൽ പാറകൾ തുരന്ന് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പെർസിവിയറൻസ് റോവർ. ഈ മേഖലയിൽ ചൊവ്വയിൽ പ്രാചീന കാലത്ത് ജീവനുണ്ടായിരുന്നതിന്റെ തെളിവുകൾ ലഭിക്കുമെന്നാണ് കരുതുന്നത്.

ഹെലികോപ്റ്ററിന് പകരം യൂറോപ്യൻ യൂണിയൻ നിർമിക്കുന്ന ഒരു റോവർ അയക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ റോവർ ഉപയോഗിച്ച്‌ സാമ്പിളുകൾ ശേഖരിക്കുകയും ആ സാമ്പിളുകൾ ലാൻഡറിൽ എത്തിക്കുകയും പിന്നീട് ഒരു റോക്കറ്റ് എഞ്ചിന്റെ സഹായത്തിൽ ലാന്ററിനെ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിക്കാനും അവിടെ നിന്ന് മറ്റൊരു പേടകം ഉപയോഗിച്ച്‌ സാമ്പിളുകൾ ഭൂമിയിലെത്തിക്കാനുമായിരുന്നു പദ്ധതി.

എന്നാൽ, ലാന്ററും റോവറും റോക്കറ്റുമെല്ലാം അടങ്ങുന്ന ഡിസൈൻ വലുതാണെന്നും ഭാരമേറുന്നതിനാൽ ലാന്ററിനുള്ളിൽ റോവറും റോക്കറ്റും സ്ഥാപിക്കുന്നത് പ്രയാസമാണെന്നുമുള്ള വിലയിരുത്തപ്പെട്ടു. തുടർന്ന് ഒന്നിന് പകരം രണ്ട് ലാന്ററുകൾ വിക്ഷേപിക്കുമെന്ന് നാസ പ്രഖ്യാപിച്ചു. ഒന്ന് റോവർ ചൊവ്വയിൽ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ടാമത്തേത് തിരിച്ചുവരാനുള്ള റോക്കറ്റ് എത്തിക്കുന്നതിനും വേണ്ടിയാണ്.

എന്നാൽ, ഈ പദ്ധതി പുനരാവിഷ്‌കരിച്ചപ്പോൾ, റോവർ വിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പകരം പെർസിവിയറൻസ് റോവർ തന്നെ സാമ്പിൾ ശേഖരിക്കുന്നതിന് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. തിരിച്ചു വരുന്ന റോക്കറ്റിൽ 30 പാറകളുടെ സാമ്പിൾ ശേഖരിക്കാനാവും. 2030-ൽ ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ മാർസ് സാമ്പിൾ റിട്ടേൺ ലാന്ററിൽ ഭൂമിയിലെത്തിച്ചതിന് ശേഷവും പെർസിവിയറൻസിന് പ്രവർത്തനം തുടരാൻ ശേഷിയുണ്ടാകുമെന്നാണ് നാസ വിലയിരുത്തുന്നത്.

പെർസിവിയറൻസ് റോവറിന് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഹെലിക്കോപ്റ്ററുകൾ ഉപയോഗിക്കുക. സിഗാറുകൾ അഥവാ ചുരുട്ടുകളുടെ വലിപ്പമുള്ള ട്യൂബുകളിലാക്കിയാണ് ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ പെർസിവിയറൻസ് ശേഖരിക്കുക. ഈ ട്യൂബുകൾ കൊണ്ടുവെക്കുന്ന സ്ഥലത്തായാണ് തിരിച്ചുവരാനുള്ള ലാന്റർ ഇറങ്ങുക. ശേഷം ഹെലിക്കോപ്റ്ററുകൾ പറന്നു ചെന്ന് ഈ ട്യൂബുകൾ എടുത്ത് ലാന്ററിൽ എത്തിക്കും.

ഇൻജെന്യൂയിറ്റി ഹെലിക്കോപ്റ്ററിൽ നിന്ന് വ്യത്യസ്തമായി പുതിയ ഹെലിക്കോപ്റ്ററുകൾക്ക് ചെറിയ ചക്രങ്ങളുമുണ്ടാവും. സാമ്പിളുകൾ ശേഖരിച്ച ട്യൂബുകൾ എടുക്കുന്നതിന് ചെറിയരീതിയിൽ സ്ഥാനം മാറുന്നതിനും മറ്റും വേണ്ടിയാണിത്. 2033 ഓടുകൂടി ഈ സാമ്പിളുകൾ ചെറിയൊരു പേടകത്തിൽ ഭൂമിയിലെത്തും. ഇതോടെ സാമ്പിളുകൾ എത്തിക്കുന്നതിന് ഒരു ലാന്റർ മാത്രം വിക്ഷേപിച്ചാൽ മതിയാവും. ചൊവ്വയിൽ ലാന്റ് ചെയ്യുന്നത് ചെലവേറിയ അതി സങ്കീർണമായ പ്രക്രിയയായതിനാൽ തന്നെ രണ്ട് തവണയായുള്ള ലാന്റിങ് ഒഴിവാക്കി ചെലവു കുറയ്ക്കാൻ ഇതുവഴി സാധിക്കും.

Advertisement