പാക് ഉന്നത സൈനികർ സഞ്ചരിച്ച ഹെലികോപ്ടർ അഫ്ഗാൻ അതിർത്തിയിൽ തകർന്നു വീണു, വെടിവച്ചിട്ടതെന്ന് സംശയം

Advertisement

ഇസ്ലാമാബാദ് : പാക് സൈനിക കമാനഡർ ഉൾപ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു.

ഹെലികോപ്ടറിലുണ്ടായിരുന്ന ആറു പേർ മരണപ്പെട്ടതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്വറ്റ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ സർഫ്രാസ് അലിയുൾപ്പടെയുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തെക്കൻ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി പങ്കിടുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ബലൂചിസ്ഥാനിലെ ലാസ്‌ബെല ജില്ലയിലെ ഒരു സൈനിക താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെയാണ് ഹെലികോപ്ടറിന് ഗ്രൗണ്ട് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ബലൂചിസ്ഥാനിലെ ലാസ്‌ബെല മേഖലയിൽ തകർന്ന് വീണ ഹെലികോപ്ടർ ബലൂച് വിമതർ വെടിവച്ചിട്ടതാണോ എന്നും സംശയമുണ്ട്. എന്നാൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇത് സംബന്ധിച്ച്‌ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ബ്രിഗേഡിയർ അംജദ് ഹനീഫ് (ഡിജി കോസ്റ്റ് ഗാർഡ്), മേജർ സയീദ് (പൈലറ്റ്), മേജർ തൽഹ (സഹ പൈലറ്റ്), നായിക് മുദാസിർ (ക്രൂ അംഗം) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് അഞ്ച് പേർ. തകർന്ന് വീണ ഹെലികോപ്ടറിന്റെ ഭാഗങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ജനവാസം കുറഞ്ഞ പ്രദേശത്തെ പർവതപ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ തെരച്ചിൽ ദുഷ്‌കരമാണ്. ഹെലികോപ്ടർ അപകടത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഖം രേഖപ്പെടുത്തുകയും സൈനികർക്കായി പ്രാർത്ഥിക്കാൻ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. ബലൂചിസ്ഥാനിൽ പ്രളയബാധിതരെ സഹായിക്കാൻ വേണ്ടിയാണ് സൈന്യം ഹെലികോപ്ടറിൽ പുറപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.