സവാഹിരിയുടെ അന്ത്യത്തിനു ശേഷം അൽ-ഖ്വയ്ദയെ നയിക്കാൻ സെയ്ഫ് അൽ അദൽ

Advertisement

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരസംഘടന അൽ ഖ്വയ്ദയുടെ തലപ്പത്തേക്ക് പുതിയ ഭീകരൻ എത്തുന്നു.

മുതിർന്ന അൽഖ്വയ്ദ അംഗം സെയ്ഫ് അൽഅദൽ ഗ്രൂപ്പിന്റെ അടുത്ത നേതാവായി ചുമതലയേൽക്കാൻ സാധ്യതയുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് റിപ്പോർട്ട് ചെയ്തു.

2011 മെയ് മാസത്തിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ യുഎസ് പ്രത്യേക സേന നടത്തിയ ഓപ്പറേഷനിൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു സവാഹിരി അൽ ഖ്വയ്ദ തലപ്പത്ത് എത്തിയത്.

എഫ്ബിഐയുടെ രേഖകൾ പ്രകാരം 1963 ഏപ്രിൽ 11 നാണ് അദൽ ജനിച്ചത്. സവാഹിരിയെപ്പോലെ, അദലും ഒരു ഈജിപ്ഷ്യൻ പൗരനാണ്, കൂടാതെ തന്റെ രാജ്യത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു, കേണൽ പദവിയിലേക്ക് ഉയർന്നിട്ടുണ്ട്. സവാഹിരി സ്ഥാപിച്ച ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദൽ ഒരു സ്‌ഫോടകവസ്തു വിദഗ്ധനാണെന്ന് വിശ്വസിക്കപ്പെടുന്നു.

എഫ്.ബി.ഐ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ ആയി മാറിയ അദൽ അമേരിക്കൻ പൗരന്മാരെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും യുഎസിന്റെ വസ്തുക്കളും കെട്ടിടങ്ങളും നശിപ്പിക്കാൻ ശ്രമിക്കുകയും തുടങ്ങി ദേശീയ പ്രതിരോധ യൂട്ടിലിറ്റികൾ നശിപ്പിക്കാൻ ശ്രമിച്ച എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ഭീകരനാണ്.

1998 ഓഗസ്റ്റിൽ ടാൻസാനിയിലെ ഡാർ എസ് സലാമിലെ അമേരിക്കൻ എംബസികളെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണവുമായി ബന്ധപ്പെട്ട് തിരയുന്ന തീവ്രവാദ കമാൻഡറെ നേരിട്ട് അറസ്റ്റ് ചെയ്യുന്നതിനോ ശിക്ഷിക്കുന്നതിനോ നൽകുന്ന വിവരങ്ങൾക്ക് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 10 മില്യൺ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1993 ഒക്ടോബറിൽ സൊമാലിയയിലെ മൊഗാദിഷുവിൽ 18 യുഎസ് സൈനികരുടെയെങ്കിലും മരണത്തിന് കാരണമായ കുപ്രസിദ്ധമായ ‘ബ്ലാക്ക് ഹോക്ക് ഡൗൺ’ സംഭവത്തിന് ചുക്കാൻ പിടിച്ചത് സെയ്ഫ് അൽ അദലാണ്. ഒരു കാലത്ത് ഒസാമ ബിൻ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്നു സെയ്ഫ് അൽ അദൽ.

Advertisement