സവാഹിരിയുടെ കൊല: ജാഗ്രതാ നിര്‍ദ്ദേശവുമായി അമേരിക്ക

Advertisement

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് ആഗോള ഭീകരന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ലോകത്തെ അറിയിച്ചു. നീതി നടപ്പായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ആസൂത്രകന്‍ ആയിരുന്നു ഇയാള്‍. അമേരിക്കയെ ആക്രമിക്കാന്‍ തുടര്‍ന്നും ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

സവാഹിരിയെ വധിച്ചതോടെ അല്‍ഖ്വയ്ദ അനുയായികളും ഇതിനോടനുബന്ധിച്ചുള്ള മറ്റ് സംഘടനകളും അമേരിക്കന്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും പൗരന്‍മാരെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. മുന്നറിയിപ്പില്ലാതെയാകും ഭീകരാക്രമണം അത് കൊണ്ട് തന്നെ എല്ലാ അമേരിക്കക്കാരും ജാഗ്രത പുലര്‍ത്തണം. വിദേശത്തേക്ക് യാത്ര ചെയ്യുമ്പോഴും കരുതല്‍ വേണം എന്നും നിര്‍ദ്ദേശമുണ്ട്.

ഈജിപ്തുകാരനായ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സവാഹിരി. കഴിഞ്ഞ ശനിയാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍റോക്കറ്റാക്രമണത്തിലൂടെയാണ് ഇയാളെ വധിച്ചത്. ഒസാമ ബിന്‍ ലാദന്റെ സ്വകാര്യ ഡോക്ടര്‍ കൂടിയായിരുന്നു സവാഹിരി.

Advertisement