മയക്കുമരുന്ന് കടത്തൽ : ബാസ്‌കറ്റ് ബോൾ താരത്തിന് ഒമ്പത് വർഷം തടവുശിക്ഷ വിധിച്ച്‌ റഷ്യൻ കോടതി

Advertisement

മോസ്കോ: അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ബ്രിട്ട്നീ ഗ്രൈനറെയ്ക്ക് ഏ‍ഴ് വർഷം കഠിനതടവിന് ശിക്ഷിച്ച്‌ റഷ്യൻ കോടതി.

മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് കോടതി നടപടി. റഷ്യൻ കോടതിവിധി അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ.

ദിവസങ്ങളായി അമേരിക്കൻ ഭരണകൂടം നടത്തിക്കൊണ്ടുവന്ന സന്ധിസംഭാഷണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് വട്ടം ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയായ ബ്രിട്ട്നീ ഗ്രൈനർ ജയിലിലേക്ക് പോകാൻ നിർബന്ധിതമായത്.

പത്ത് ലക്ഷം റൂബിൾ പി‍ഴയും ചുമത്തിയിട്ടുണ്ട്. ഞാൻ എൻറെ കുടുംബത്തെ സ്നേഹിക്കുന്നുവെന്നായിരുന്നു റഷ്യൻ പൊലീസ് വിലങ്ങുകളണിയിച്ച്‌ ജയിലിലേക്ക് മാറ്റവേ ഗ്രൈനറുടെ പ്രതികരണം.

ക‍ഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യയിൽ കളിക്കാനെത്തിയപ്പോ‍ഴാണ് മോസ്കോയിലെ ഷെറമെത്യേവോ വിമാനത്താവളത്തിൽ വെച്ച്‌ ഗ്രൈനർ അറസ്റ്റിലായത്. കന്നാബിസ് അടങ്ങുന്ന ഇലക്‌ട്രോണിക് സിഗററ്റ് ഉപയോഗിച്ചുവെന്നായിരുന്നു ഗ്രൈനറുടെ മേൽ ചുമത്തപ്പെട്ട കുറ്റം. തെറ്റ് ഗ്രൈനർ സമ്മതിക്കുകയും അബദ്ധവശാൽ ബാഗേജിൽ പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

യുക്രൈൻ- റഷ്യ പ്രതിസന്ധിക്കിടയിൽ അമേരിക്കയും നാറ്റോ രാജ്യങ്ങളുമായി തർക്കം തുടരുന്നതിനിടെയായിരുന്നു റഷ്യൻ പൊലീസിൻറെ നടപടി. തടവുകാരെ പരസ്പരം കൈമാറാമെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻറെ സന്ധിയുടമ്പടി നിർദേശവും റഷ്യ നേരത്തെ തള്ളിയിരുന്നു.

ബ്രിട്ട്നീ ഗ്രൈനർ ജയിലിലടയ്ക്കപ്പെട്ടതിന് പിന്നാലെ മോചനത്തിനായി ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ബൈഡൻ പ്രതികരിച്ചു.

അമേരിക്കൻ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചു. മത്സരത്തിനിറങ്ങിയ ബാസ്ക്കറ്റ്ബോൾ താരങ്ങൾ കളിക്ക് മുമ്പ് മൗനമാചരിച്ചു.