പട്ടിണി: ലോകത്തിലെ ഏറ്റവും വലിയ പരുന്തുകൾ ചത്തൊടുങ്ങുന്നു

Advertisement

വാഷിം​ഗ്ടൺ: ആമസോൺ മഴക്കാടുകളുടെ നാശം കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ്.

ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാവുന്ന ഈ മഴക്കാടുകൾ കാട്ടുതീയിലൂടെയും വനംകൊള്ളക്കാരുടെ കൈകളാലും നശിക്കുന്നത് ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് തീർച്ചയാണ്. ആമസോൺ നശിച്ചാൽ കൂടെ നശിക്കുന്ന അനേകം ജീവികളും പക്ഷിമൃഗാദികളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയരാണ് ഹാർപ്പി പരുന്തുകൾ. ആമസോൺ നശിക്കുന്നത് തുടർന്നാൽ ഏറെ പ്രത്യേകതകളുള്ള ഈ പക്ഷിവംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും.

ആമസോണിൽ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന ഹാർപ്പി പരുന്തുകൾ ആകാശത്തെ പ്രധാന ഇരപിടിയൻമാരാണ്. കുരങ്ങുകൾ മുതൽ ചെറിയ മൃഗങ്ങൾ വരെ അവർ എല്ലാറ്റിനെയും വേട്ടയാടുന്നു. എന്നിരുന്നാലും, ആമസോണിലെ വനനശീകരണം കാരണം, അവരുടെ ഇരകളായ മൃഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. ഇത് ഹാർപ്പി പരുന്തുകളെ വലിയ തോതിൽ കൊല്ലപ്പെടുന്നതിന് ഇടയാക്കുമെന്ന് സെൻറർ ഫോർ ബയോഡൈവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പരുന്തുകൾ ഉൾപ്പെടുന്ന ഒരു പക്ഷി ഇനമാണ് ഹാർപ്പി. റോയൽ ഹോക്ക് എന്നും ഇവ അറിയപ്പെടുന്നു. ശരീരഭാരം ഏകദേശം 10 കിലോഗ്രാമാണ്.

ശരിയായ രീതിയിലും അളവിലുമുള്ള ഭക്ഷണം ഈ പക്ഷികൾക്ക് അത്യാവശ്യമാണ്, കാരണം അവയുടെ ശരീര പ്രവർത്തനത്തിൻറെ അളവ് മറ്റ് പക്ഷികളേക്കാൾ വളരെ കൂടുതലാണ്. ഇരകളുടെ ലഭ്യതയിൽ കുറവുണ്ടായാൽ, അവ വലിയ രീതിയിൽ ചത്തൊടുങ്ങാറുണ്ട്. ആമസോണിലെ വനനശീകരണം കാരണം ഇപ്പോൾ സംഭവിക്കുന്നത് ഇതാണ്. ഹാർപ്പി പരുന്തുകളുടെ ജനസംഖ്യയുടെ പകുതിയോളം ചത്തുകഴിഞ്ഞു. ബാക്കിയുള്ളവ സ്വന്തം ജീവൻ രക്ഷിക്കാൻ പോരാടുകയാണ്. മധ്യ അമേരിക്ക മുതൽ വടക്കൻ അർജൻറീന വരെയുള്ള മഴക്കാടുകളിൽ ഒരുകാലത്ത് അവ സമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് പ്രദേശത്തെ പല സ്ഥലങ്ങളിലും അവരെ കാണാൻ കിട്ടാറില്ല.

Advertisement