കൊളംബോ: തങ്ങളെ കെണിയിലാക്കിയ ചൈനയോട് മുഖംതിരിച്ച് ശ്രീലങ്ക. വൻ സാമ്പത്തിക-വാണിജ്യ-ഭരണ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് യുദ്ധകപ്പലിനെ ലങ്കൻ തീരത്ത് എത്തിക്കാനുള്ള ചൈനയുടെ ശ്രമം ശ്രീലങ്ക തടഞ്ഞത്.
ശ്രീലങ്കയിൽ തങ്ങൾ പണിതു നൽകിയ ഹബ്ബന്തോട്ട തുറമുഖത്തേക്ക് കപ്പലെത്തിക്കാനുള്ള ബീജിംഗിന്റെ നീക്കത്തിനാണ് വിലക്ക് വീണിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ശ്രീലങ്കൻ ഭരണകൂടം ചൈനയുടെ ഉപഗ്രഹ നിരീക്ഷണ കപ്പലിന് അനുമതി നിഷേധിച്ചത്. എന്നാൽ ഇന്ത്യയുടെ ശക്തമായ എതിർപ്പാണ് നയം മാറ്റത്തിന് പിന്നിലെന്നാണ് പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നത്.
ചൈനയുടെ വിവിധോദ്ദേശ കപ്പലായ യുവാൻ വാംഗ് 5 നെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിക്കാൻ നോക്കുന്നത്. എല്ലാ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളേയും നിരീക്ഷിക്കുന്നതിനൊപ്പം ബാലിസ്റ്റിക് മിസൈലുകളടക്കം അതിവേഗം തൊടുക്കാൻ ശേഷിയുള്ളതാണ് 2007ൽ നിർമ്മിച്ച കപ്പൽ. തങ്ങൾ നിർമ്മിച്ച് 90 വർഷത്തെ പാട്ട കാലാവധിയിൽ ഉപയോഗിക്കാൻ കരാറൊപ്പിട്ടിരിക്കുന്നതാണ് ഹബ്ബന്തോട്ട തുറമുഖമെന്നതാണ് ചൈനയുടെ തന്ത്രം. എന്നാൽ പ്രതിരോധ രംഗത്ത് ഈ കരാർ ബാധകമല്ലാത്തതിനാൽ യുദ്ധ കപ്പൽ പ്രവേശിപ്പിക്കാൻ ശ്രീലങ്കയുടെ പ്രത്യേക അനുമതി വേണം.
നിലവിൽ സാമ്പത്തികമായും വാണിജ്യമായും തകർന്നിരിക്കുന്ന ശ്രീലങ്ക തുറമുഖങ്ങൾ ഇന്ത്യയുടേയും റഷ്യയുടേയും ചരക്കുകപ്പലുകൾ അടുക്കാനായി തുറന്നുകൊടുത്തി രിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടേയും ആധിപത്യമുള്ളതിനാൽ ശ്രീലങ്കയ്‌ക്ക് സ്വയം തീരുമാനം എടുക്കാനാവില്ല. മറ്റൊരു വിദേശ രാജ്യത്തിന്റെ കപ്പലിന് മേഖലയിലേക്ക് എത്താൻ സാധിക്കില്ലെന്ന അന്താരാഷ്‌ട്ര നിയമമാണ് ദ്വീപ് രാജ്യത്തിന് സ്വയം തീരുമാനം എടുക്കാൻ കരുത്തു പകരുന്നത്.
മേഖലയിലേക്കുള്ള ചൈനയുടെ സൈനിക വിന്യാസത്തിനെതിരെ ഇന്ത്യ 2014 മുതലേ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സഹായവും നൽകുന്ന ഇന്ത്യയെ പിണക്കാതിരിക്കേണ്ടത് ശ്രീലങ്കയ്‌ക്ക് അനിവാര്യമാണ്. നിലവിലെ ആഭ്യന്തര ബുദ്ധിമുട്ടുകളും ഭരണപരമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ചൈനയ്‌ക്ക് അനുമതി നിഷേധിച്ചതെന്നാണ് ശ്രീലങ്ക മുന്നോട്ടുവയ്‌ക്കുന്ന ന്യായം.